മത്സരച്ചൂടിനിടെ പി കൃഷ്ണപിള്ളയെ അടുത്തറിയാന്‍ അവരുടെ യാത്ര

By Web TeamFirst Published Dec 7, 2018, 4:09 PM IST
Highlights

പരിശീലനമെല്ലാം കഴിഞ്ഞു, അറവനമുട്ടും ദഫ് മുട്ടും തുടങ്ങാൻ മണിക്കൂറുകൾ ഏറെ ബാക്കി. എന്നാൽ പിന്നെ ചെറിയ യാത്രയാവാം എന്ന് കരുതിയാണ് സിയാദിന്‍റെ നേതൃത്വത്തിലുള്ള സംഘം പി കൃഷ്ണപിള്ളയെ അടുത്തറിയാന്‍ കഞ്ഞിക്കുഴിയെത്തിയത്. 

ആലപ്പുഴ: കലോത്സവത്തിനിടെ വീണു കിട്ടിയ ഇടവേളയിൽ ചില മത്സരാർത്ഥികൾ ആലപ്പുഴ കാണാനിറങ്ങി. പാഠപുസ്തകത്തിൽ മാത്രം കേട്ടറിഞ്ഞ പി കൃഷ്ണപിള്ളയെ അടുത്തറിയാനാണ് കോഴിക്കോട് തിരുവങ്ങൂർ സ്കൂളിലെ ദഫ് മുട്ട് ടീം കഞ്ഞിക്കുഴിയിലെ കൃഷ്ണപിള്ള സ്മാരക മന്ദിരത്തിലെത്തിയത്.

പരിശീലനമെല്ലാം കഴിഞ്ഞു, അറവനമുട്ടും ദഫ് മുട്ടും തുടങ്ങാൻ മണിക്കൂറുകൾ ഏറെ ബാക്കി. എന്നാൽ പിന്നെ ചെറിയ യാത്രയാവാം എന്ന് കരുതിയാണ് സിയാദിന്‍റെ നേതൃത്വത്തിലുള്ള സംഘം കഞ്ഞിക്കുഴിയെത്തിയത്. കുട്ടികൾ വരുന്നത് നേരത്തെയറിഞ്ഞ നാട്ടുകാർ പൂക്കൾ കൊടുത്ത് സ്വീകരിച്ചു. കൃഷ്ണപിള്ളയെന്ന വിപ്ലവകാരി ഒളിവിൽ കഴിഞ്ഞ, പിന്നീട് പാമ്പുകടിയേറ്റ് മരിച്ച വീട് നേരിട്ട് കാണാനായതിന്റെ ആവേശവും കുട്ടികളില്‍ നിറഞ്ഞു.

കഴിഞ്ഞ 20 ലേറെ വർഷങ്ങളായി അറവനമുട്ടും ദഫ് മുട്ടുമായി സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്താറുണ്ട് തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ടീം. ഇത്തവണ കൃഷ്ണ പിള്ള സ്മാരകം സന്ദർശിക്കാനായതിന്റെ ഊർജ്ജവുമായാണ് ഇവർ വേദിയിലെത്തുക.

click me!