ചിറക് വിരിച്ച് കണ്ണൂര്‍; വിമാനത്താവളം ഇന്ന് പൊതുജനങ്ങൾക്ക് സമർപ്പിക്കും

By Web TeamFirst Published Dec 9, 2018, 6:05 AM IST
Highlights

മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പൊതുജനങ്ങൾക്ക് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് ഡിപ്പാർച്ചർ ഹാളിൽ നിലവിളക്ക് കൊളുത്തിയ ശേഷം 9.55ന് ഇരുവരും ചേർന്ന് വിമാനം ഫ്ലാഗ് ഓഫ് ചെയ്യും.

മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.

തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വീസുണ്ടാകും. ഇതിന് പുറമേ മസ്ക്കറ്റിലേക്കുള്ള സര്‍വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.

click me!