
കണ്ണൂർ: രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യൻ എയർഫോഴ്‌സിന്റെ 228 – ഡോർണിയർ വിമാനം കണ്ണൂർ വിമാനത്തിന്റെ റൺവേയിൽ ആദ്യമായി പറന്നിറങ്ങിയത്. അന്ന് ആ വിമാനത്തിന്റെ കോക്പിറ്റിൽ ഉണ്ടായിരുന്നത് കണ്ണൂർക്കാരനായ രഘുനാഥ് നമ്പ്യാരായിരുന്നു. രണ്ട് വർഷങ്ങൾക്ക് ശേഷം കേരളത്തിന്റെ അഭിമാനമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പ്രവർത്തനമാരംഭിക്കുമ്പോൾ ആദ്യ ദിനം ഗോ എയർ വിമാനം പറത്താൻ കോക്‌പിറ്റിൽ ഉണ്ടാവുന്നത് രഘുനാഥിന്റെ മകനായ അശ്വിൻ നമ്പ്യാരാണ്.
ആദ്യ പറക്കലിലെ ഗോ എയർ വിമാനം അശ്വിനും ക്യാപ്റ്റൻ ബ്രിജേഷ് ചന്ദ്രലാലും ചേർന്നാണ് ദില്ലിയിൽ നിന്നും കണ്ണൂരിലേക്ക് പറത്തുന്നത്. കണ്ണൂരിലെത്തുന്ന വിമാനം തിരിച്ച് ബെംഗലുരുവിലേക്ക് പറക്കും. അപ്പോഴും കോക്‌പിറ്റിൽ അശ്വിൻ തന്നെയാകും ഉണ്ടാവുക. ഗോ എയറിൽ ഒന്നര വർഷമായി ജോലി ചെയ്ത് വരികയാണ് അശ്വിൻ. അതിൽ ഭൂരിഭാഗവും ദില്ലി-കൊൽക്കത്ത വിമാനങ്ങളിലാണ് പൈലറ്റായി ജോലി ചെയ്തത്. അശ്വിന്റെ പിതാവ് രഘുനാഥ് ഇപ്പോൾ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡില്‍ എയര്‍ ഓഫീസര്‍ കമാന്‍ഡിങ് ചീഫായി ജോലി ചെയ്ത് വരികയാണ്. അദ്ദേഹത്തിന്റെ പിതാവും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറായി പ്രവർത്തിച്ചിരുന്നു.
കണ്ണൂരില്‍ ആദ്യമായി ഇന്ത്യൻ എയർഫോഴ്‌സിന്റെ 228 – ഡോർണിയർ വിമാനം ഇറങ്ങിയപ്പോള്‍.
രാവിലെ പത്ത് പത്തിന് മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യാതിഥിയായ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും സംയുക്തമായി പതാക വീശി കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം പറന്നുയർന്ന് കഴിഞ്ഞു. ഈ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. 12.20 നാണ് അശ്വിൻ നമ്പ്യാർ പറത്തുന്ന ഗോ എയര്‍ വിമാനം ബെംഗളൂരുവില്‍ നിന്ന് കണ്ണൂരെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam