കാപ്പിക്കോ റിസോര്‍ട്ട് നിര്‍മ്മിച്ചത് പ്രകൃതിയെ തകർത്ത്; വേമ്പനാട്ട് കായലിൽ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ

By Web TeamFirst Published Feb 6, 2019, 7:36 AM IST
Highlights

കാപ്പിക്കോയുടെ റിസോർട്ട് നിർമ്മാണം വേമ്പനാട് കായലിന്‍റെ സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ട്. റിസോര്‍ട്ട് അധികൃതര്‍ വേമ്പനാട്ട് കായലില്‍ നിക്ഷേപിച്ചത് ടണ്‍കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍. 

ആലപ്പുഴ: വേമ്പനാട് കായലിന്‍റെ സന്തുലിതാവസ്ഥ തകര്‍ത്തുകൊണ്ടായിരുന്നു നിയമം ലംഘിച്ചുള്ള കാപ്പിക്കോ റിസോര്‍ട്ടിന്‍റെ നിര്‍മ്മാണം. റിസോര്‍ട്ട് പൊളിച്ചാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം വലുതായിരിക്കുമെന്ന് പറഞ്ഞ് പൊളിക്കാതിരിക്കാന്‍ ശ്രമിച്ച റിസോര്‍ട്ട് അധികൃതര്‍ വേമ്പനാട്ട് കായലില്‍ നിക്ഷേപിച്ചത് ടണ്‍കണക്കിന് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ്.

2013 ലാണ് നിയമം ലംഘിച്ച് നിര്‍മ്മിച്ച കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കാന്‍ കോടതി ഉത്തരവിടുന്നത്. തീരദേശപരിപാലന നിയമം ലംഘിച്ച് കായലിലെ ദ്വീപില്‍ കെട്ടിപ്പൊക്കിയ റിസോര്‍ട്ട് പൊളിച്ച് നീക്കിയാല്‍ അത് പരിസ്ഥിതിക്ക് വലിയ ദോഷം ചെയ്യുമെന്നായിരുന്നു റിസോര്‍ട്ടിന്‍റെ നിലപാട്. ഇത് കാണിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ഇവര്‍ സമീപിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്രപരിസ്ഥിതി മന്ത്രാലയം മൂന്നംഗ കമ്മിറ്റിയെ വെച്ച് കാപ്പിക്കോ റിസോര്‍ട്ടില്‍ പരിശോധന നടത്തി. പരിസ്ഥിതിക്ക് പ്രശ്നമില്ലാത്ത രീതിയില്‍ എങ്ങനെ പൊളിച്ച് നീക്കാമെന്ന റിപ്പോര്‍ട്ട് മൂന്നംഗ സംഘം നല്‍കിയതോടെയാണ് കാപ്പിക്കോ റിസോര്‍ട്ടിന്‍റെ ഈ നീക്കം പൊളിഞ്ഞത്.

എന്നാല്‍ പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടായിരുന്നു കാപ്പിക്കോ റിസോര്‍ട്ട് നിര്‍മ്മാണം എന്നാണ് വേമ്പനാട്ട് കായലിലെ കാഴ്ചകള്‍ വെളിപ്പെടുത്തുന്നത്. കൂറ്റന്‍ കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും കായലില്‍ കാണാം. മത്സ്യത്തൊഴിലാളികള്‍ യഥേഷ്ടം മീന്‍പിടിച്ചിരുന്ന ഇവിടും കോണ്‍ക്രീറ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്. കായലിലെ മത്സ്യ സമ്പത്ത് കുറഞ്ഞെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

click me!