'എംഎല്‍എമാര്‍ അതിര് കടക്കുന്നു, സ്ഥാനമൊഴിയാന്‍ തയ്യാര്‍'; കോൺഗ്രസിനോട് ഇടഞ്ഞ് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി

By Web TeamFirst Published Jan 28, 2019, 11:54 AM IST
Highlights

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിൽ കല്ലുകടി അവസാനിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പൊരുക്കങ്ങളിലേക്ക് ഇരുപാർട്ടികളും കടക്കുമ്പോഴാണ് കുമാരസ്വാമി - സിദ്ധരാമയ്യ പോര് കടുക്കുന്നതും.

ബംഗളുരു: കോൺഗ്രസിനോട് ഇടഞ്ഞ് കർണാടക മുഖ്യമന്ത്രി കുമാരസ്വാമി. കോൺഗ്രസ് നേതാക്കൾക്ക് താത്പര്യമില്ലെങ്കിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് കുമാരസ്വാമി തുറന്നടിച്ചു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അനുയായികളായ എംഎൽഎമാർ നടത്തിയ വിമർശനത്തിനാണ് മറുപടി. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുന്നതിൽ സന്തോഷമേ ഉളളൂവെന്നായിരുന്നു കോൺഗ്രസിന്‍റെ പ്രതികരണം.

കോൺഗ്രസ് ജെഡിഎസ് സഖ്യത്തിൽ കല്ലുകടി അവസാനിക്കുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പൊരുക്കങ്ങളിലേക്ക് ഇരുപാർട്ടികളും കടക്കുമ്പോഴാണ് കുമാരസ്വാമി - സിദ്ധരാമയ്യ പോര് കടുക്കുന്നതും. മുഖ്യമന്ത്രി മോഹം ഇടക്കിടെ തുറന്നുപ്രകടിപ്പിക്കുന്നുണ്ട് സിദ്ധരാമയ്യ. അദ്ദേഹത്തിന്‍റെ അടുപ്പക്കാരായ എംഎൽഎമാരും ഇത് ഏറ്റെടുത്തു. യെശ്വന്ത്പുര എം എൽ എ സോമശേഖര, കുമാരസ്വാമിയെ വിമർശിച്ച് രംഗത്തെത്തി. അദ്ദേഹം സ്ഥാനമേറ്റ ശേഷം ഒരു വികസനപ്രവർത്തനവും നടക്കുന്നില്ലെന്നായിരുന്നു പരാമർശം. ഇതാണ് കുമാരസ്വാമി രാജിഭീഷണി മുഴക്കുന്നതിലേക്ക് എത്തിച്ചത്..

ഗൗഡ കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്ത സിദ്ധരാമയ്യക്ക് കുമാരസ്വാമിയെ താഴെയിറക്കാൻ ആഗ്രഹമുണ്ടെന്ന കഥകൾ സജീവമാണ്. ഇതിനിടയിലാണ് പുതിയ വിവാദം. കുമാരസ്വാമിയുമായി ചർച്ച നടത്തുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. എം എൽ എയെ തളളിപ്പറയാതിരുന്ന ഉപമുഖ്യമന്ത്രി ജി പരമേശ്വര മുഖ്യമന്ത്രിയെയും പിന്തുണച്ചു.

എം എൽ എ സോമശേഖരക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകി. സഖ്യത്തിന് ഭീഷണിയാകുന്ന പ്രസ്താവനകൾ നടത്തരുതെന്ന് കർശന നിർദേശവും നൽകി. മുഖ്യമന്ത്രിയായ ശേഷം  ഇതാദ്യമായല്ല കുമാരസ്വാമി വൈകാരികമായി പ്രതികരിക്കുന്നത്.  കാളകൂട വിഷം കഴിച്ച പരമശിവന്‍റെ അവസ്ഥയിലാണ് താനെന്ന പരാമർശം കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി നടത്തിയിരുന്നു. എന്നാൽ കുമാരസ്വാമിയുടെ ഇത്തരം ഭീഷണികൾക്ക് വഴങ്ങിക്കൊടുക്കേണ്ടതില്ലെന്ന വികാരം സിദ്ധരാമയ്യ ക്യാമ്പിൽ ശക്തമാണ്.

click me!