മോദിക്ക് ലഭിച്ച സമ്മാനങ്ങൾ വിറ്റുപോകുന്നത് ലേല തുകയേക്കാള്‍ പത്തിരട്ടിയില്‍

By Web TeamFirst Published Jan 28, 2019, 12:12 AM IST
Highlights

1000 രൂപ വിലയിട്ട ശിൽപം വിറ്റുപോയത് 22000 രൂപയ്ക്കാണ്. ലേലവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.   

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച ഛത്രപതി ശിവാജി മഹാരാജാവിന്റെ ശിൽപം വിറ്റുപോയത് ലേല തുകയേക്കാൾ കൂടുതൽ രൂപയ്ക്ക്.1000 രൂപ വിലയിട്ട ശിൽപം വിറ്റുപോയത് 22000 രൂപയ്ക്കാണ്. ലേലവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.   

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ച 1,800ലധികം സമ്മാനങ്ങളാണ് ലേലത്തിൽ വച്ചത്. ലേലത്തിൽ ലഭിക്കുന്ന തുക ഗംഗാനദി ശുചീകരണ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിക്കുന്ന നമാമി ഗംഗ എന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

പെയ്ന്റിങ്, പ്രതിമകൾ, ഷാളുകൾ, കോട്ടുകൾ, തലപ്പാവുകൾ, പരമ്പരാഗത സംഗീതോപകരങ്ങൾ തുടങ്ങിയ സമ്മാനങ്ങളാണ് ലേലത്തിൽ വച്ചത്. ഗൗതംബുദ്ധന്റെ ശിൽപങ്ങൾ, ഛായാചിത്രങ്ങൾ, മോദിയുടെ ചിത്രങ്ങൾ, മഹാത്മാ ബസ്വേശ്വര പ്രതിമ, സ്വാമി വിവേകാനന്ദന്റെ പ്രതിമ, വെള്ളികൊണ്ടുള്ള ശിവലിംഗ പ്രതിമകൾ എന്നിവയാണ് ലേലത്തിൽ വച്ചിട്ടുള്ളവയിൽ ഏറ്റവും വിലകൂടിയ സമ്മാനങ്ങൾ.

രാധയുടെയും കൃഷ്ണയുടേയും പ്രതിമ മാത്രമാണ് ലേലത്തിൽ സ്വർണം പൂശിയിട്ടുള്ളവ. 20,000 രൂപയാണ് ഇതിന്റെ വില. 4.76 കിലോ ഭാരമുള്ള ഈ പ്രതിമ സൂറത്തിലെ മാണ്ഡവി നഗർ നഗരസഭ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണ്. 2.22 കിലോ വെള്ളി പൂശിയ സമ്മാനം 
മുൻ ബിജെപി എംപി സി നരസിംഹൻ ആണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. 30,000 രൂപയാണ് ഇതിന്റെ വില. 

സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദില്ലിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് ലേലത്തിനുള്ള പ്രദർശനം നടക്കുന്നത്. ജനുവരി 28 മുതൽ 29 വരെയാണ് ലേലം നടക്കുക. 300 രൂപ മുതലാണ് ലേല തുക. സമ്മാനങ്ങൾ ഓൺലൈനില‌ും ലേലത്തിന് വച്ചിട്ടുണ്ട്. 100 മുതൽ 30000 രൂപവരെയാണ് ലേല തുക. ഓൺലൈനിൽ 29 മുതൽ 31 നരെയാണ് ലേലം നടക്കുക.

click me!