
ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാർ തമ്മിൽ തല്ലിയതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിനെ വിടാതെ വിവാദം. ടൂറിസം മന്ത്രി സാ രാ മഹേഷ് ആണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ 'ബ്ലഡി ലേഡി' എന്ന് വിളിച്ച് അവഹേളിച്ചതാണ് സംഭവം. എസ് പി റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയായ ദിവ്യ വി ഗോപിനാഥിനെയാണ് മന്ത്രി അവഹേളിച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച തുകൂരു മഠാധിപതിയും ലിംഗായത്ത് നേതാവുമായ ശിവകുമാര സ്വാമിയുടെ സംസ്കാര ചടങ്ങിനിടെയായിരുന്നു സംഭവം.
ചടങ്ങിൽ പ്രവേശിപ്പിക്കേണ്ട വി ഐ പികളുടെ പട്ടികയിൽ മന്ത്രിയുടെ പേരില്ലാത്തതിനാൽ ദിവ്യ അദ്ദേഹത്തെ തടഞ്ഞു. എന്നാൽ ഇതിൽ കുപിതനായ മഹേഷ് എസ്പിക്ക് നേരെ കയർത്തു. നിങ്ങൾ ആരാണ് എന്നെ തടയാൻ, ഞാൻ മന്ത്രിയാണ് എന്നുപറഞ്ഞുകൊണ്ടാണ് എസ്പിയെ മന്ത്രി അവഹേളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ വ്യാപകമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു.
സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മന്ത്രിയെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തി. മന്ത്രിയുടെ ഭാഗത്ത് തെറ്റില്ലെന്നും അദ്ദേഹം മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കുമാരസ്വാമി പറഞ്ഞു. ആരോക്കെയാണ് മന്ത്രിസഭാ അംഗങ്ങളെന്ന് ജില്ലാ പൊലീസ് മേധാവി അറിഞ്ഞിരിക്കണം. മഹേഷ് മന്ത്രിയാണെന്ന് എസ്പിക്ക് അറിയില്ലായിരുന്നു. താൻ മന്ത്രിയാണെന്ന് മഹേഷ്, എസ്പി യോട് പറയുക മാത്രമാണ് ചെയ്തത്. മഹേഷ് മോശമായി എന്തെങ്കിലും സംസാരിക്കുകയോ പെരുമാറുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ മാപ്പ് പറയേണ്ട ആവശ്യവുമില്ല- മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ അവഹേളിച്ച മന്ത്രി മഹേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് കോട്ട ശ്രീനിവാസ പൂജാരിയും ബിജെപി എം പി ശോഭ കരണ്ടലജെയും രംഗത്തെത്തി. വനിതാ ഉദ്യോഗസ്ഥക്കെതിരെ മോശമായി സംസാരിക്കാൻ മന്ത്രിക്ക് അവകാശമില്ലെന്ന് ശോഭ കരണ്ടലജെ പറഞ്ഞു.
എന്നാൽ തന്നെ മാത്രമല്ല മന്ത്രി വെങ്കടറാവു നഡഗൌഡയെയും അവിടേക്ക് കടത്തിവിടാൻ അവർ തയ്യാറായില്ലെന്നും സാ രാ മഹേഷ് പറഞ്ഞു. അറിയപ്പെടാത്ത നിരവധിപ്പേരെ പൊലീസ് കടത്തിവിട്ടു. എന്നാൽ മന്ത്രിയെ തടഞ്ഞു. ജനങ്ങൾ വോട്ട് ചെയ്താണ് തന്നെ അധികാരത്തിലെത്തിച്ചത്. മുഖ്യമന്ത്രി തനിക്ക് കാബിനറ്റ് പദവി തന്നു. ബിജെപിയുടെ ആരോപണം കേട്ട് രാജിവെക്കേണ്ട കാര്യം തനിക്കില്ല. ഒരു ഉദ്യോഗസ്ഥ തെറ്റ് കാണിക്കുമ്പോൾ, അവരെ തിരുത്താനുള്ള അവകാശം തനിക്കുണ്ട് - മന്ത്രി മഹേഷ് പറഞ്ഞു.
എന്നാൽ സംഭവത്തിൽ വിശദീകരണവുമായി ദിവ്യ വി ഗോപിനാഥ് ഐപിഎസ് രംഗത്തെത്തി. മന്ത്രി മഹേഷിനെ താൻ തടഞ്ഞിട്ടില്ലെന്നും അദ്ദേഹം മന്ത്രിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നുമാണ് അവർ പറയുന്നത്. പിന്നീട് മന്ത്രിയാണെന്ന് ബോധ്യപ്പെട്ടതോടെ കടത്തിവിടുകയും ചെയ്തു. മഹേഷ് തനിക്കെതിരെ മോശമായി ഒന്നും സംസാരിച്ചിട്ടില്ല. പിന്നെ എങ്ങനെ സംഭവം വിവാദമായെന്ന് അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam