
ബെംഗലൂരൂ: കര്‍ണാടക രാഷ്ട്രീയത്തിലെ നാടകങ്ങള്‍ തുടരുന്നതിനിടയില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ജെഡിഎസ് എംഎൽഎ ശിവലിംഗ ഗൗഡ രംഗത്തെത്തി. ജെഡിഎസ് എംഎൽഎ ഗൗരിശങ്കർക്ക് മന്ത്രി കസേരയും 60കോടി രൂപയും ബി ജെ പി വാഗ്ദാനം ചെയ്തുവെന്ന് ഗൗഡ ആരോപിച്ചു. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ടെന്നും ഗൗഡ വ്യക്തമാക്കി. ബിജെപിയുടെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറാണ് കര്‍ണാടകയില്‍ കുതിരക്കച്ചവടത്തിന് നേതൃത്വം നല്‍കിയതെന്നും ഹസാനയിൽ നടന്ന പത്ര സമ്മേളനത്തിനിടെ ശിവലിംഗ ഗൗഡയുടെ ആരോപിച്ചു.
കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് ഇത്തരത്തിൽ നേരത്തെയും വാഗ്ദാനങ്ങൾ ലഭിച്ചിരുന്നെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഈശ്വർ കാന്തെയും അഭിപ്രായപ്പെട്ടു. എന്നാൽ ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ബിജെപി മുതിർന്ന് നേതാവ് സി ടി രവിയുടെ പ്രതികരിച്ചത്. കുമാരസ്വാമിയുടെ നേതൃത്വത്തിൽ അവർ തന്നെയാണ് കുതിരക്കച്ചവടം നടത്തുന്നതെന്നാണ് രവിയുടെ തിരിച്ചടി.
അതേസമയം ഓപ്പറേഷൻ കമലയിലൂടെ അധികാരത്തിലേറാമെന്ന ബിജെപിയുടെ നീക്കം ഏറക്കുറെ അവസാനിച്ചിട്ടുണ്ട്. രണ്ട് സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണ മാത്രമാണ് ബിജെപിക്ക് ഇതിനിടെ ഉറപ്പിക്കാനായത്. കൂടുതൽ പേരെ മറുകണ്ടം ചാടിക്കുമെന്നും സഖ്യസർക്കാരിനെ താഴെ ഇറക്കുമെന്നുമുള്ള വാദങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ണാടക രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയത്.
എന്നാൽ സർക്കാരിന് ഭീഷണിയാകുന്ന സംഖ്യയിലേക്ക് ബിജെപിക്ക് എത്താനാകില്ലെന്ന് ഉറപ്പിക്കുകയാണ് കോൺഗ്രസും ജെഡിഎസും. ഇന്ന് വൈകിട്ട് മൂന്നരക്ക് വിധാൻ സൗധയില്‍ കോണ്‍ഗ്രസ് നിർണായക നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കുമെന്ന് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടിയിൽ നിന്നും ഇവരെ പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam