
ബംഗളൂരു: കര്‍ണാടകയില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതികളില്‍ ബിജെപി വിജയം കാണുന്നതായി സൂചനകള്‍. മകരസംക്രാന്തിക്ക് ശേഷം കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കിയതെന്നാണ് വിവരം. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മത്സരിച്ചാല്‍ അത് ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിക്കും.
കര്‍ണാടകയില്‍ പരമാവധി സീറ്റുകള്‍ സ്വന്തമാക്കേണ്ടത് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുന്നതിന് പാര്‍ട്ടിക്ക് നിര്‍ണായകമാണ്. സംസ്ഥാന ഭരണം കെെയില്‍ ഉണ്ടെങ്കില്‍ അത് എളുപ്പമാണെന്ന് കണക്കുക്കൂട്ടലാണ് ബിജെപി ദേശീയ നേതൃത്വത്തിനുള്ളത്.
ഭരണം നഷ്ടമാകുന്നതോടെ ജെഡിഎസ് ഒറ്റയ്ക്ക് മത്സരിക്കുകയോ അല്ലെങ്കില്‍ എന്‍ഡിഎയില്‍ ചേരുകയോ വേണ്ടി വരും. ഇതോടെ കോണ്‍ഗ്രസിനെ അപ്രസക്തരാക്കാന്‍ സാധിക്കും. അതിനായി അവസാനവട്ട ശ്രമങ്ങള്‍ നടത്തുകയാണെന്ന് മുതിര്‍ന്ന ബിജെപി എംഎല്‍എ പറഞ്ഞു. നേരത്തെ, കര്‍ണാടകയിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നതായി കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു.
കോൺഗ്രസിന്റെ മൂന്ന് എംഎൽഎമാരെ ബിജെപി തട്ടിയെടുത്ത് ഒളിവില്‍ പാർപ്പിച്ചിരിക്കുന്നുവെന്ന് മന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. ഇവർക്കൊപ്പം ബിജെപി നേതാക്കളും ഉണ്ട്. കോൺഗ്രസ്- ജെഡിഎസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.
സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒപ്പം നില്ക്കുന്ന എംഎല്‍എമാര്‍ക്ക് 30 കോടി രൂപ ബിജെപി വാഗ്ദാനം ചെയ്തതായി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ആരോപിച്ചിരുന്നു. 37 എംഎല്‍എമാരുള്ള ജെഡിഎസിനെ വിട്ട് കോണ്‍ഗ്രസ് എംഎല്‍എമാരിലാണ് ബിജെപി കണ്ണുവെച്ചിരിക്കുന്നത്.
എന്നാല്‍, ബിജെപിയുടെ എല്ലാ നീക്കങ്ങളും തകര്‍ക്കുമെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആവര്‍ത്തിക്കുന്നത്. പക്ഷേ, മുഖ്യമന്ത്രി കുമാരസ്വാമിക്ക് ബിജെപിയോട് മൃദുസമീപനമാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഗൂഢാലോചനകളെപ്പറ്റി കുമാരസ്വാമിക്ക് നന്നായി അറിയാമെന്ന് ശിവകുമാര്‍ പറയുന്നു. എന്നാല്‍, സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ ഒന്നും നടത്തുന്നില്ലെന്നാണ് പ്രതിപക്ഷ നേതാവ് ബി എസ് യെദ്യൂരപ്പയുടെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam