
ലക്നൗ: മതത്തിന്റെ പേരിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ വേണം ആദ്യം കത്തിക്കാനെന്ന് പറഞ്ഞ ഉത്തർപ്രദേശ് മന്ത്രിയും സുഹെല്‍ദേവ് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി(എസ് ബി എസ് പി) നേതാവുമായ ഒ പി രാജ്ഭര്‍ വിവാദത്തിൽ. അലിഗഡിൽ നടന്ന റാലിയിൽ പങ്കെടുക്കവെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്. " വര്‍ഗ്ഗീയകലാപങ്ങളിൽ എന്നും സാധാരണക്കാർ മാത്രമാണ് കൊല്ലപ്പെടുന്നത്, എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെടുന്നില്ല...? " എന്നായിരുന്നു രാജ്ഭറിന്റെ പരാമർശം.
"ഹിന്ദു-മുസ്ലീം കലാപങ്ങളിൽ ഏതെങ്കിലും ഉന്നത രാഷ്ട്രീയ നേതാക്കൾ കൊല്ലപ്പെട്ടിട്ടുണ്ടോ? മതത്തിന്റെ പേരിൽ കലാപങ്ങൾ അഴിച്ചുവിടാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെ ആദ്യം കത്തിക്കണം. എങ്കിൽ മാത്രമേ അതിന്റെ ഭവിഷ്യത്ത് എത്രത്തോളമാണെന്ന് രാഷ്ട്രീയക്കാർ മനസ്സിലാക്കുകയും മറ്റുള്ളവരെ ഇങ്ങനെ കത്തിക്കുന്നത് നിർത്തുകയുമുള്ളു" -രാജ്ഭർ പറഞ്ഞു. ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കുമിടയിൽ ഭിന്നത ഉണ്ടാക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യൻ ഭരണഘടന പ്രകാരം വോട്ടവകാശമുള്ള ഏതൊരു വ്യക്തിയും ഇന്ത്യൻ പൗരനാണ്. അവരെ പുറത്തേക്കെറിയാൻ സാധിക്കില്ലെന്നും രാജ്ഭർ കൂട്ടിച്ചേർത്തു.
എൻ ഡി എയിൽ നിന്നും പുറത്തേക്ക് പോകുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭർ പറഞ്ഞിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെടുന്ന കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ ബി ജെ പിക്ക് നൂറ് ദിവസം നൽകുന്നുവെന്നും അതിനുള്ളിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കിൽ തന്റെ പാര്‍ട്ടി 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും രൂക്ഷവിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചിരുന്നു. സ്ഥലപ്പേരുകള്‍ മാറ്റുന്നതിന് മുൻപ് ചെയ്യേണ്ടിയിരുന്നത് നിങ്ങളുടെ മുസ്ലീം നേതാക്കളുടെ പേരുകള്‍ മാറ്റുകയായിരുന്നുവെന്നും രാജ്ഭർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam