66 എ ചുമത്തിയാല്‍: ഇനി പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി

By Web TeamFirst Published Jan 14, 2019, 3:48 PM IST
Highlights

ഐടി ആക്ടിലെ 66 എ എന്ന വകുപ്പ് 2015ൽ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചെലമേശ്വറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് 2015ൽ ശ്രേയാ സിംഗാൾ Vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ വിധിപ്രസ്താവിക്കവേ റദ്ദാക്കിയിരുന്നു

ദില്ലി: ഐടി ആക്ടിലെ റദ്ദ് ചെയ്യപ്പെട്ട 66 എ വകുപ്പ്  ചുമത്തി ഇനി ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ പോലീസ് അഴിയെണ്ണുമെന്ന് സുപ്രീം കോടതി. ജനുവരി ഏഴാം തീയതി സുപ്രീം കോടതി പരിഗണിച്ച ഒരു കേസിലാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്.  പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (PUCL) എന്ന സംഘടനയാണ് റദ്ദു ചെയ്യപ്പെട്ട വകുപ്പിന്‍റെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.   

ഐടി ആക്ടിലെ 66 എ എന്ന വകുപ്പ് 2015ൽ ജസ്റ്റിസ് നരിമാനും ജസ്റ്റിസ് ചെലമേശ്വറും അടങ്ങുന്ന രണ്ടംഗ ബെഞ്ച് 2015ൽ ശ്രേയാ സിംഗാൾ Vs യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ വിധിപ്രസ്താവിക്കവേ റദ്ദാക്കിയിരുന്നു. ചരിത്രപ്രധാനമായ ആ വിധിക്കു ശേഷം ഇന്നുവരെ അതേ വകുപ്പുപ്രകാരം 22  പേർക്കെതിരെ രാജ്യത്തെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിവരം ഹർജിക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 

ഈ കേസുകളിൽ കോടതി നടപടികളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലതാമസം കൊണ്ട് പ്രതികളാക്കപ്പെട്ടവർ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ഹർജിക്കാർ കോടതിയെ ബോധിപ്പിച്ചു. ഈ വിഷയത്തിൽ  കടുത്ത രോഷം പ്രകടിപ്പിച്ച കോടതി, ഇനി മേൽ ഇത്തരം കേസുകൾ ചാർത്തപ്പെടുന്ന പക്ഷം, ബന്ധപ്പെട്ട പോലീസുകാർക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് കർശനമായ മുന്നറിയിപ്പ് നൽകി. 

66 എ പ്രകാരം ചുമത്തപ്പെട്ട 22  കേസുകളിൽ 20  എണ്ണവും ഝാർഖണ്ഡിലെ ഖൂംടി ജില്ലയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐ ടി ആക്ട് 66  എ'യ്ക്ക് പുറമെ ഐപിസി 121/ 121എ/ 124എ  തുടങ്ങിയ വകുപ്പുകളും അവർക്കുമേൽ ചുമത്തപ്പെട്ടിരുന്നു. ഫേസ്‌ബുക്ക് പോലുള്ള മാധ്യമങ്ങളിൽ പ്രകോപനപരമായ രീതിയിൽ എഴുതി സാമൂഹികമായ പ്രകോപനങ്ങൾ സൃഷ്ടിച്ച് കലാപത്തിന് ആഹ്വാനം ചെയ്തു, ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തി  എന്നൊക്കെയുള്ള കുറ്റങ്ങളാണ് എല്ലാ കേസുകളിലും  ചുമത്തപ്പെട്ടിരിക്കുന്നത്. തെളിവായി പ്രസ്തുത പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകളും സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു. 

ഐപിസിയിലെ ബാക്കി വകുപ്പുകൾ ചാർത്തുവാനായി ഖൂംടി ജില്ലാധികാരികൾ പത്ഥൽഗഡി കലാപകാരികൾ കരിയാമുണ്ട എന്ന ഒരു എംഎൽഎയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ഇവരുടെ പോസ്റ്റുകളെ കൂട്ടിവായിച്ചുകൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ സംഭവത്തിന് പ്രേരിപ്പിച്ചത് ഇവരുടെ ഫേസ്ബുക് പോസ്റ്റുകളാണ് എന്നായിരുന്നു പോലീസിന്‍റെ കണ്ടെത്തൽ. 

എന്നാൽ തെളിവായി പോലീസ് ഹാജരാക്കിയ പോസ്റ്റുകളിൽ അത്തരത്തിലുള്ള യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ദേശദ്രോഹത്തിനുള്ള കേസുകൾ നേരിടുന്ന ഈ 20 പേരും പരസ്പരം യാതൊരുവിധ പരിചയവും ഇല്ലാത്തവരാണ്. അവരാരും തന്നെ ഒരു സംഘടനയിലും സജീവമായി പ്രവർത്തിക്കുന്നവരല്ല. ചിലർ സാമൂഹ്യപ്രവർത്തകരാണ്, ചിലർ ആക്ടിവിസ്റ്റുകൾ, ചിലർ ബാങ്കുദ്യോഗസ്ഥർ. ഒരേ പ്രദേശങ്ങളിൽ താമസിക്കുന്നവർ പോലുമല്ല. 

ജന്മനാട്ടിൽ തന്നെ മാന്യമായ തൊഴിലെടുത്ത് കുടുംബ സമേതം ജീവിക്കുന്ന സാധാരണക്കാരായ ഇവർ തമ്മിൽ ഒരേയൊരു കാര്യത്തിൽ മാത്രമേ ബന്ധമുള്ളൂ.. നാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന ചൂഷണങ്ങളിൽ അവർ അസ്വസ്ഥരാണ്. ആ ചൂഷണങ്ങളെപ്പറ്റി അവർ ആദിവാസികളെ ബോധവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനെതിരായ പോരാട്ടങ്ങളിൽ അവർ ആദിവാസികളോടൊപ്പമാണ്. ആദിവാസികൾക്ക് അവകാശപ്പെട്ട വെള്ളവും, കാടും, ഭൂമിയും കയ്യേറാനുള്ള കോർപ്പറേറ്റുകളുടെ ഗൂഢശ്രമങ്ങൾക്ക് ഇവർ ഒരു വിലങ്ങു തടിയാണ്. ഇവരെ കള്ളക്കേസുകൾ ചാർത്തി ഭയപ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് ഈ സുപ്രീം കോടതി വിധിയോടെ പരാജയപ്പെട്ടിരിക്കുന്നത്. 

ഖൂംടിയിലെ അടിസ്ഥാനപരമായ പ്രശ്നം ജില്ലാ പരിധിയിൽ വരുന്ന ഒരു പ്രദേശത്ത് സ്വർണ്ണ നിക്ഷേപങ്ങൾ കണ്ടെത്തിയതാണ്. അങ്ങനെ ഖനനപ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ എതിർപ്പുകൾ ഉയർത്തുന്നവരെയെല്ലാം വികസന വിരോധികളായ ചാപ്പകുത്തി കേസുകൾ ചാർജ്ജ് ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അവർക്കെതിരെയുള്ള കേസുകൾ കോടതികളിൽ പരമാവധി വൈകിക്കാൻ അവർ ശ്രമിക്കുന്നു. 

click me!