
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിലെ അണ്ണാദുരൈ സമാധിയോട് ചേര്‍ന്ന് സംസ്‌കരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെങ്ങും പ്രതിഷേധവുമായി രംഗത്തെത്തി. ഗോപാല്‍പുരത്തെ വീടിന് മുന്നില്‍ പലപ്പോഴും അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെയാണ് കണ്ടത്.
ചെന്നൈ നഗരത്തില്‍ കടുത്ത പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ നടക്കുന്നത്. മറീന ബീച്ചിന് മുന്നിലും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തലൈവര്‍ക്ക് തലചായ്ക്കാന്‍ ഇടം നല്‍കാത്ത സര്‍ക്കാര്‍ എന്ന തരത്തിലുളള പ്രചരണവും ശക്തമായിട്ടുണ്ട്. ഗോപാലപുരത്തെ വസതിക്ക് മുന്നില്‍ പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിചാര്‍ജ് അടക്കം പ്രയോഗിച്ചു.
നിമിഷങ്ങള്‍ പിന്നിടുന്തോറും ജനക്കൂട്ടം അക്രമാസക്തമാകുയാണ്. വന്‍ ജനാവലിയാണ് പ്രിയനേതാവിനെ അവസാനമായി കാണാനായി തെരുവുകളില്‍ തടിച്ച് കൂടിയിട്ടുള്ളത്. അതേസമയം ഗോപാലപുരത്തെ വസതിയില്‍ നിന്നും കരുണാനിധിയുടെ മൃതദേഹം സിഐടി കോളനിയിലുള്ള മകള്‍ കനിമൊഴിയുടെ വീട്ടിലേക്ക് മാറ്റി. പുലര്‍ച്ചെ രാജാജി ഹാളില്‍ കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
അതേസമയം കരുണാനിധിക്ക് അന്ത്യവിശ്രമത്തിന് മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. മറീനാ ബീച്ചിൽ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇതിനു പിന്നാലെ ഡിഎംകെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി രാത്രി തന്നെ പരിഗണിച്ച ചീഫ് ജസ്റ്റിസ് അടക്കമുള്ള ബെഞ്ച് പരിഗണിച്ചെങ്കിലും രാവിലെ എട്ട് മണിക്ക് വീണ്ടും പരിഗണിക്കാം എന്ന് അറിയിക്കുകയാരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam