
കാസർഗോഡ്: കൊലക്കേസ് പ്രതി കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. കാസർഗോഡ് പെരിയ സുബൈദ വധക്കേസിലെ രണ്ടാം പ്രതി കർണാടക സുള്ള്യ സ്വദേശി അബ്ദുൾ അസീസാണ് രക്ഷപ്പെട്ടത്.
മോഷണക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് പ്രതിയെ സുള്ള്യ കോടതിയിൽ ഹാജരാക്കി തിരിച്ച് പോരുന്നതിനിടെയാണ് സംഭവം. വഴിയിൽ മൂത്രമൊഴിക്കുന്നതിനായി ഇറങ്ങിയ പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെയാണ് കാഞ്ഞങ്ങാട് സബ് ജയിലിൽ നിന്നും പ്രതിയെ ബസ് മാർഗം സുള്ള്യയിലേക്ക് കൊണ്ട് പോയത്. രണ്ട് പൊലീസുകാരും കൂടെ ഉണ്ടായിരുന്നു. അസീസ് സുള്ള്യ സ്വദേശികൂടി ആയതിനാൽ ഊടുവഴികളടക്കം അറിയാം. വിലങ്ങും അണിയിച്ചിരുന്നില്ല. കാണാതായതോടെ പൊലീസ് ഉദ്യോഗസ്ഥർ നഗരത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. കർണാടക പൊലീസിന്റെ നേതൃത്വത്തിലും തിരച്ചിൽ നടക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരി പതിനേഴിന് പെരയയിൽ ഒറ്റക്ക് താമസിക്കുന്ന സുബൈദയെ കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന് കേസിലെ പ്രതിയാണ് അസീസ്. ബംഗളുരുവിലേക്ക് കടന്ന പ്രതിയെ രണ്ടാഴ്ച കഴിഞ്ഞാണ് പിടികൂടാനായത്. നിരവധി മോഷണ കൊലപാതക കേസുകൾ ഇയാളുടെ പേരിലുണ്ട്. സുബൈദ കേസിൽ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രതി രക്ഷപ്പെട്ടത്. നീല ടീഷർട്ടും കറുത്ത പാന്റുമാണ് കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ ധരിച്ചിരുന്നത്. കർണാടകയിലും അതിർത്തി മേഖലകളിലും പിശോധന ശക്തമാക്കാനാണഅ പൊലീസ് നീക്കം. കർണാടക പൊലീസിന്റെ സഹായവും തേടും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam