
ബംഗളൂരു: സമാന്തര ഹൈന്ദവ സംഘടനയായ സനാതന്‍ സന്‍സ്തയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് കവിതാ ലങ്കേഷ്. കഴിഞ്ഞ വർഷം തീവ്രവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ സഹോദരിയാണ് കവിതാ ലങ്കേഷ്. ഗൗരിലങ്കേഷ്, നരേന്ദ്ര ധബോല്‍ക്കര്‍, എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തിൽ ഈ സംഘടനയുടെ പങ്ക് ചൂണ്ടിക്കാണിച്ചാണ് കവിത ലങ്കേഷ് ഇപ്രകാരം പറഞ്ഞത്. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. ഇതുവരെ പന്ത്രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ അഞ്ചിനാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ബംഗളൂരുവിലെ വീടിന് മുന്നിൽ വച്ച് ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികളെല്ലാവരും സനാതൻ സൻസ്തയുമായി ബന്ധമുള്ളവരായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. കർണാടകത്തിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിൽ താൻ തൃപ്തയാണെന്നും കവിത ലങ്കേഷ് പറയുന്നു. മറ്റ് തീവ്രവാദ ഗ്രൂപ്പുകളെപ്പോലെ തന്നെ സനാതൻ സൻസ്തയെയും പ്രഖ്യാപിക്കണമെന്ന് ഇവർ ഉറപ്പിച്ച് പറയുന്നു.
തന്റെ ഹൈന്ദവ വിരുദ്ധ നിലപാടിൽ ഉറച്ചു നിന്ന വ്യക്തിത്വമായിരുന്നു ഗൗരിയുടേത്. ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം നടത്തിവരുന്ന അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് കവിത ലങ്കേഷിന്റെ പ്രതികരണം. മാത്രമല്ല പൻസാരെ, ധബോൽക്കർ, കൽബുർഗി എന്നിവരുടെ കൊലപാതകത്തിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തു വരണമെന്നും ഇവർ പറഞ്ഞു. അറസ്റ്റ് ചെയ്തവരെല്ലാം തന്നെ ഇവരുടെ കൊലപാതകത്തിലും പങ്കുള്ളവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam