
ദില്ലി: പ്രധാനമന്ത്രി ആകുന്നതിന് മുന്‍പ് മോദി നടത്തിയ പ്രസ്താവനകള്‍ പൊക്കിയെടുത്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ വിമര്‍ശനം. സിബിഐ ഡയറക്ടറെ നീക്കം ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തിനെതിരെയാണ് ട്വീറ്റിലൂടെ ദില്ലി മുഖ്യന്‍റെ ഒളിയമ്പ്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് തന്നിലേക്ക് അന്വേഷണം വരുമെന്ന ഭയം കൊണ്ടാണ് അലോക് വർമ്മയെ തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് കേജ്‍രിവാള്‍ ആരോപിച്ചു. 2013 ജൂണ്‍ അഞ്ചിനുള്ള മോദിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയത്തിൽ എതിരാളികളെ വേട്ടയാടുന്നതിനായി സിബിഐയുടെ സഹായത്തോടെ ഐബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയാണെന്നും രാജ്യത്തിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളെ കേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു അന്ന് മോദി യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഇതേ ആയുധമാണ് ഇപ്പോള്‍ മോദിക്കെതിരെ കേജ്‍രിവാളും ഉപയോഗിച്ചിരിക്കുന്നത്.
സിബിഐ ഡയറക്ടറെ എന്തിന്റെ അടിസ്ഥാനത്തിലാണ് തൽസ്ഥാനത്ത് നിന്ന് നാക്കം ചെയ്തത്? ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അലോക് വർമ്മക്കെതിരെ സർക്കാർ നടപടിയെടുത്തത്? സർക്കാർ എന്താണ് മറച്ചുവെക്കാൻ ശ്രമിക്കുന്നത്? കേജ്‍രിവാള്‍ ചോദിക്കുന്നു. അതേസമയം, അലോക് വർമ്മയെ സിബിഐ തലപ്പത്ത് നിന്ന് നീക്കം ചെയ്തത് റഫാൽ ഫോബിയ കാരണമാണെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ ആക്ഷേപം. സിബിഐ ഡയറക്ടര്‍ ചുമതലകളിൽ നിന്ന് നീക്കിയ തീരുമാനത്തിനെതിരെ അലോക് വർമ്മ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.