കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 പാസായി

Published : Feb 02, 2018, 05:44 PM ISTUpdated : Oct 05, 2018, 03:31 AM IST
കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 പാസായി

Synopsis

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയില്‍ ചരിത്രമെഴുതിയ ദിവസമാണിന്ന്. ആശുപത്രികളേയും ലബോറട്ടറികളേയും നിയന്ത്രിക്കാനുള്ള കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017 നിയമസഭ ഇന്ന് അംഗീകരിച്ചു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കുകയും അതിനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ഉടച്ചുവാര്‍ക്കുകയും ലക്ഷ്യമിടുന്ന ബില്ലാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ 2017. അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങിയ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപ്പെട്ട സ്ഥാപനങ്ങളും ഈ ബില്ലിന്റെ പരിധിയില്‍ വരും. ആശുപത്രി, ക്ലിനിക്ക്, നേഴ്‌സിങ് ഹോം, സാനിറ്റോറിയം ചികിത്സ സംബന്ധമായ പരിശോധനകള്‍ നടക്കുന്ന ലബോറട്ടറികള്‍ എന്നിവയെ ഈ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ആരോഗ്യമേഖലയിലെ എല്ലാ ആശുപത്രികളെയും ലബോറട്ടറികളെയും നിയന്ത്രിക്കാനും പരിരക്ഷണം നല്‍കാനുമുള്ള ബില്ലാണിത്. ഇതുവരെ നിയമപരമായ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങള്‍ക്ക് ബില്ല് പ്രാബല്യത്തില്‍ വരുന്നതോടെ നിയമപ്രകാരം മാത്രമേ ഇനി പ്രവര്‍ത്തിക്കാനാകൂ. ഈ ബില്ലനുസരിച്ച് രൂപംകൊള്ളുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് സംസ്ഥാന കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.

ഔദ്യോഗികമായി നിശ്ചയിക്കപ്പെടുന്ന നിശ്ചിത മാനദണ്ഡമില്ലാത്ത ഒരു സ്ഥാപനത്തിനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവില്ല. സ്ഥാപനങ്ങളെ അവയുടെ പശ്ചാത്തല സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തരംതിരിക്കും. ഇങ്ങനെ തരം തിരിക്കുന്ന സ്ഥാപനങ്ങളില്‍ ഗുണമേന്മയുള്ള ചികിത്സയും പരിശോധനയും നടക്കുന്നുണ്ടെന്ന് ബില്ലിലൂടെ ഉറപ്പുവരുത്തും. നിശ്ചയിച്ച ചികിത്സാ നിരക്ക് ഉള്‍പ്പെടെ പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന തരത്തില്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം. ചുരുക്കത്തില്‍ രോഗികളില്‍ നിന്നും പലതരത്തില്‍ പണം ഈടാക്കി ഗുണനിലവാരം ഇല്ലാത്ത ചികിത്സ നല്‍കുന്ന സാഹചര്യം ഒഴിവാക്കാന്‍ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ സാധിക്കും.

സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കാന്‍ മാത്രമല്ല അവയുടെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള കാതലായ നിര്‍ദേശങ്ങളും ബില്ലിലുണ്ട്. രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ നിശ്ചിത മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ നിരന്തര പരിശോധനയ്ക്ക് കൗണ്‍സിലിന് ബില്‍ അവകാശം നല്‍കുന്നു.  മാനദണ്ഡങ്ങളില്‍ നിന്നും ആശുപത്രികള്‍ വ്യതിചലിക്കുകയോ നിലവാരമുള്ള ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനവുമൊരുക്കും. പരാതി ശരിയെന്ന് കണ്ടാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെ കൗണ്‍സിലിന് നിയമപരമായ അവകാശം ബില്ലില്‍ ഉറപ്പുവരുത്തിയിരുന്നു.

ഏതുതരം സ്ഥാപനങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരുമെന്ന ചോദ്യം പ്രസക്തമാണ്. രോഗം, രോഗനിര്‍ണയം, ചികിത്സ, ക്ഷതങ്ങള്‍, അസ്വാഭാവികത, ദന്തരോഗങ്ങള്‍, പ്രസവ ചികിത്സ എന്നിവയ്ക്കായി ആവശ്യമുള്ള കിടക്കകളോ സൗകര്യങ്ങളോ സേവനങ്ങളോ വാഗ്ദാനം ചെയ്യുന്ന ആശുപതി, മെറ്റേണിറ്റി ഹോം, നേഴ്‌സിംഗ് ഹോം ഡിസ്‌പെന്‍സറി, ക്ലിനിക്ക് എന്നിവയാണ് ക്ലിനിക്കല്‍ സ്ഥാപനങ്ങളായി കണക്കാക്കുന്നത്. ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളുള്‍പ്പെട്ട ബോര്‍ഡോ സഹകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ബില്ലിന്റെ പരിധിയില്‍ വരും. ലബോറട്ടറിയുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയോളജിക്കല്‍, കെമിക്കല്‍, ബയോളജിക്കല്‍ രോഗനിര്‍ണയവും രോഗകാരണവും നടത്തുന്ന സ്ഥാപനങ്ങളും ഇതിലുള്‍പ്പെടും. 

സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും ഗുണമേന്മയുള്ള ചികിത്സ ഉറപ്പാക്കുക വഴി സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനുള്ള നിര്‍ണായകമായ ചുവടുവെയ്പ്പാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ വിവരങ്ങള്‍ കൂടി സര്‍ക്കാറിന് ലഭ്യമാകുന്നതോടെ ആരോഗ്യ സംവിധാനത്തെ സംബന്ധിച്ച് സമയാസമയങ്ങളില്‍ വിലയിരുത്തുവാന്‍ അവസരമൊരുങ്ങുകയാണ്. അതിനനുസരിച്ചുള്ള ഇടപെടല്‍ സര്‍ക്കാറിന് നടത്താന്‍ കഴിയും. ബില്ല് നടപ്പിലാക്കുന്നതിന് പ്രധാനം ചട്ടങ്ങളുടെ രൂപീകരണമാണ്. എത്രയും വേഗം ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ആരംഭിക്കും. ബില്ല് നടപ്പാക്കാന്‍ ആവശ്യമുള്ള മിനിമം സ്റ്റാന്‍ഡേര്‍ഡും ഉടന്‍ നിശ്ചയിക്കുന്നതാണ്.


 

PREV
BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും