
ദില്ലി: പ്രളയ ബാധിതമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേരളത്തിന് ഭക്ഷണവും, വസ്ത്രവുമല്ല ആവശ്യമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേരളത്തിന് ഇപ്പോള്‍ ആവശ്യം ഇലക്ട്രീഷ്യന്മാരെയും, പ്ലംബര്‍മാരെയുമാണ് ആവശ്യമെന്ന് ഇദ്ദേഹം പറഞ്ഞു.
വീടുകളില്‍ ഇപ്പോള്‍ വൈദ്യുതിയില്ല, ഗൃഹോപകരണങ്ങള്‍ ഇല്ല, പംബ്ലിങ്ങ് എല്ലാം ഒഴുകിപോയി. അതിനാല്‍ തന്നെ ഞങ്ങള്‍ ആയിരക്കണക്കിന് ഇലക്ട്രീഷ്യന്മാരെയും, പ്ലമ്പര്‍മാരെയും, മരപ്പണിക്കാരെയും ആവശ്യമാണ്. ഇനി ഇവിടെ ഭക്ഷണത്തിന്‍റെയോ വസ്ത്രത്തിന്‍റെയോ ആവശ്യമില്ല. ടെക്നിക്കല്‍ ശേഷിയുള്ള വ്യക്തികളെയാണ് കേരളത്തിലെ ജനജീവിതം സാധാരണനിലയിലാക്കുവാന്‍ ആവശ്യം അല്‍ഫോണ്‍സ് കണ്ണന്താനം എഎന്‍ഐയോട് പറഞ്ഞു.
അതേ സമയം പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായം നല്കാം എന്ന് ഐക്യരാഷ്ട്രസഭ കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. ദുരിതാശ്വാസത്തിലും പുനർനിർമ്മാണത്തിലും സഹായിക്കാം എന്നാണ് നിർദ്ദേശം. ജപ്പാനും കേരളത്തെ സഹായിക്കാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല.
കേരളത്തിൽ രണ്ടര ഇരട്ടി വരെ മഴയാണ് സാധാരണയെക്കാൾ കിട്ടിയത്. പകർച്ചവ്യാധി തടയുക എന്നതിനാണ് ഇനി മുൻഗണനയെന്നും ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തിൽ രക്ഷാദൗത്യം അവസാനിച്ചാലും കേന്ദ്ര സേനകൾ തുടരും. 52 ടൺ മരുന്ന് കേന്ദ്രം കേരളത്തിലേക്കയച്ചു. ഇരുപത് മെട്രിക ടൺ ബ്ളീച്ചിംഗ് പൗഡർ കേന്ദ്രം കയറ്റി അയയ്ക്കും. ഒരു കോടി ക്ളോറിൻ ടാബ്ലറ്റ് കേരളത്തിന് നല്കും. രാജ്യസഭാ അദ്ധ്യക്ഷൻ വെങ്കയ്യനായിഡുവും ലോക്സഭാ സ്പീക്കർ സുമിത്രാമഹാജനും സംയുക്തമായി യോഗം വിളിച്ചു ചേർത്തു ചേർത്തു.
എംപി വികസന ഫണ്ടിലെ ഒരു കോടി രൂപ പുനർനിർമ്മാണത്തിന് ഉപയോഗിക്കണം എന്നാണ് നിർദ്ദേശം. രാജ്യത്തെ 790 എംപിമാർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണം എന്നാവശ്യപ്പെട്ട് കത്തു നല്കും. കേരളത്തെ സഹായിക്കുമെന്ന് പ്രഖ്യാപിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദിപക് മിശ്ര 25000 രൂപ ഓരോ ജഡ്ജിയും നല്കാൻ നിർദ്ദേശിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam