
തിരുവനന്തപുരം: പുഴകളിലെ ജലനിരപ്പ് ഉയർന്ന് പാലത്തിനൊപ്പം എത്തിയതിനാൽ തീവണ്ടികള്‍ ഓടിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ അറിയിച്ചു. ആലുവ- അങ്കമാലി ഭാഗത്ത് പെരിയാറും കോട്ടയം പാതയില്‍ പമ്പ, മണിമലയാറുകളും റെയില്‍വേ പാലത്തിനൊപ്പം ഉയര്‍ന്ന് ഒഴുകുകയാണ്. അതിനാൽ എറണാകുളം - ഷൊര്‍ണൂര്‍ ഗതാഗതം നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ജലനിരപ്പ് ഒരോ മണിക്കൂറിലും പരിശോധിക്കുന്നുണ്ടെന്നും പാലത്തിന്‍റെ ഗര്‍ഡറിനോട് ചേര്‍ന്ന് വെള്ളമൊഴുകുന്നതിനാല്‍ തീവണ്ടി കടത്തിവിടുന്നത് സുരക്ഷിതമല്ലെന്നും സാങ്കേതിക വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
സംസ്ഥാനത്തേക്ക് എത്തുന്ന ദീര്‍ഘദൂര തീവണ്ടികള്‍ സൗകര്യപ്രദമായി കോഴിക്കോട് മുതലുള്ള വിവിധ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുകയാണ്. തുടർന്ന് അവിടെ നിന്ന് മടക്കയാത്ര ആരംഭിക്കും. രാജധാനി എക്‌സ്പ്രസ്, നിസാമുദീന്‍ - എറണാകുളം എക്‌സ്പ്രസ്, നേത്രാവതി എക്‌സ്പ്രസ്, എറണാകുളം - പുണെ എക്‌സ്പ്രസ് ചണ്ഡിഗഢ് എക്‌സ്പ്രസ് എന്നിവയാണ് കോഴിക്കോട് വച്ച് യാത്ര അവസാനിപ്പിച്ച തീവണ്ടികൾ. മധുരൈ- കൊല്ലം പാസഞ്ചര്‍, പുനലൂരിനും കൊല്ലത്തിനും ഇടയില്‍ ഉണ്ടാകില്ല. പുനലൂര്‍- കന്യാകുമാരി പാസഞ്ചര്‍, ഗുരുവായൂര്‍ - പുനലൂര്‍ പാസഞ്ചര്‍ എന്നീ തീവണ്ടികൾ കൊല്ലത്ത് നിന്നും പുറപ്പെടും. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് കൊല്ലം - ചെങ്കോട്ട പാതയിൽ സർവീസുകള്‍ റദ്ദാക്കി. ശനിയാഴ്ച വണ്ടിയായ കൊല്ലം - ചെങ്കോട്ട പാസഞ്ചര്‍ റദ്ദാക്കി. റദ്ദാക്കിയ തീവണ്ടികളിലെ യാത്രക്കാര്‍ക്ക് തിരുനെല്‍വേലി വഴിയുള്ള തീവണ്ടികളില്‍ റിസര്‍വേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതേസമയം എറണാകുളം - ആലപ്പുഴ - തിരുവനന്തപുരം പാതയിലൂടെ വെള്ളിയാഴ്ച ഓടിയ ചെന്നൈ എഗ്മോര്‍, ജനശതാബ്ദി ഇന്‍റര്‍സിറ്റി, വഞ്ചിനാട്, പ്രത്യേക പാസഞ്ചറുകള്‍ എന്നിവ ശനിയാഴ്ചയും ഇതേ ക്രമീകരണം തുടരും. ഗുരുവായൂര്‍ - ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ് വെള്ളിയാഴ്ച രാവിലെ എറണാകുളത്ത് നിന്നും യാത്ര ആരംഭിച്ചു. ഇന്‍ർസിറ്റി എറണാകുളത്ത് നിന്നും വഞ്ചിനാട് കായംകുളത്ത് നിന്നും യാത്ര ആരംഭിച്ചു. ജനശതാബ്ദി എറണാകുളം- തിരുവനന്തപുരം പാതയില്‍ മാത്രമായി ഓടുന്നുണ്ട്. തിരുവനന്തപുരം-നാഗർകോവിൽ-തിരുനെൽവേലി സർവീസുകൾ തുടരും.
ബാംഗ്ലൂരിലേക്ക്
രാവിലെ 11.30ക്ക് എറണാകുളം ജംഗ്ഷനിൽനിന്നും ആലപ്പുഴ വഴി തിരുവനന്തപുരം സെൻട്രൽ വരേ സ്പെഷ്യൽ പാസഞ്ചർ ഒാടും. തിരുവനന്തപുരത്ത് എത്തിയശേഷം കൊച്ചുവേളി- ബാംഗ്ലൂർ എക്സ്പ്രസില്‍ മാറി കയറേണ്ടതാണ്. കൊച്ചുവേളി- ബാംഗ്ലൂർ എക്സ്പ്രസ് നാഗർകോവിൽ ടൗൺ-തിരുനെൽവേലി-മധുര-ഡിണ്ടിഗല്‍-ഈറോഡ് വഴിയാണ് ബാംഗ്ലൂരില്‍ എത്തുക.
ചെന്നൈയിലേക്ക്
എറണാകുളം ജംങ്ഷനിൽനിന്ന് ആലപ്പുഴ വഴി പോകുന്ന സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ കൊല്ലം ജംഗ്ഷനിൽനിന്ന് കൊല്ലം-തിരുവനന്തപുരം-ചെന്നൈ, അനന്തപുരി എക്സ്പ്രസുമായി ബന്ധിപ്പിക്കുന്നുണ്ട്.
ഹൌറായിലേക്ക്
തിരുവനന്തപുരം സെൻട്രലിൽ നിന്ന് നാഗർകോവിൽ, തിരുനെൽവേലി, ചെന്നൈ എഗ്മൂർ, ഗുഡൂർ വഴി ഹൌറായിലേക്ക് സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടി സർവീസ് ഏർപ്പെടുത്തി. ഈ ട്രെയിനില്‍ റിസർവേഷൻ ലഭ്യമാണ്.
ദില്ലിയിലേക്ക്
നാഗർകോവിൽ ടൗൺ-തിരുനൽവേലി-മധുര- ഡിണ്ടിഗല്‍ -ഈറോഡ് വഴി ദില്ലിയിലേക്ക് പോകുന്ന തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ നിന്ന് 11.15 ന് പുറപ്പടും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam