ചെങ്ങന്നൂര്‍: പ്രളയത്തില്‍ സങ്കീര്‍ണ സാഹചര്യം നിലനില്‍ക്കുന്ന ചെങ്ങന്നൂരില്‍ കനത്ത മഴയ്ക്കിടയിലും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ചെങ്ങന്നൂര്‍- തിരുവല്ല മേഖലകളില്‍ ഇന്നലെ രാത്രി വീണ്ടുമാരംഭിച്ച ശക്തമായ മഴ തുടരുകയാണ്. ആറന്‍മുള, കോഴഞ്ചേരി ഭാഗത്തും കനത്ത മഴയും കാറ്റും തുടരുന്നു. പമ്പയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നുണ്ട്.
ചെങ്ങന്നൂരില്‍ രാത്രിതന്നെ സൈന്യത്തിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലും രക്ഷാപ്രവര്‍ത്തനം ഇന്നലെ പുരോഗമിച്ചു. എന്നാല്‍ രാത്രിയും കനത്തമഴയും വെളിച്ചക്കുറവുമെല്ലാം രക്ഷാപ്രവര്‍ത്തനെത്തെ സാരമായി ബാധിച്ചു. എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കൃത്യമായി വിവരം ലഭ്യമല്ലാത്തതും തിരിച്ചടിയാവുന്നു. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇന്നലെ പറഞ്ഞതുപോലെ ഒറ്റപ്പെട്ട സാഹചര്യം തന്നെയാണ് ചെങ്ങന്നൂരില്‍ നിലനില്‍ക്കുന്നത്. തിരുവല്ലയിലെ പല പ്രദേശങ്ങളിലും സമാന സാഹചര്യം നിലനില്‍ക്കുകയാണ്.
ചെറിയ വള്ളങ്ങള്‍ക്ക് പലയിടങ്ങളിലൂടെയും കടന്നുപോകാനാകുന്നില്ല. ഈ മേഖലകളിലേക്ക് വലിയ വാഹനങ്ങള്‍ക്കും എത്തിപ്പെടാനാകുന്നില്ല. ഇതും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. എംസി റോഡിലെ ഗതാഗതം നിലച്ചതും രക്ഷാപ്രവര്‍ത്തകര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനും തിരിച്ചടിയാവുന്നുണ്ട്. കുടുങ്ങിക്കിടക്കുന്ന പതിനായിരങ്ങളില്‍ നിരവധി പേര്‍ക്ക് ഭക്ഷണവും മരുന്നുകളുമില്ല. പാണ്ടനാട് മാത്രം 1500ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
ഇന്നലെ മുഖ്യമന്ത്രി സൂചിപ്പിച്ചതുപോലെ ചെങ്ങന്നൂരിലും ചാലക്കുടിയിലും രക്ഷാപ്രവര്‍ത്തനം ഇന്ന് കൂടുതല്‍ കരുത്താര്‍ജിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇന്ന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ പ്രദേശത്ത് എത്തുമെന്ന് പ്രതീക്ഷിക്കാം. സൈന്യത്തിന്‍റെ കൂടുതല്‍ ബോട്ടുകളും ഇന്ന് എത്തിക്കും. ഇന്നലെ മംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വളരെ സങ്കീര്‍ണമായ സാഹചര്യമാണ് ചെങ്ങന്നൂരില്‍ നിലനില്‍ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam