
തിരുവനന്തപുരം: വിദേശ സഹായത്തിനു പിന്നാലെ സാലറി ചലഞ്ചിലും തിരിച്ചടി നേരിട്ടതോടെ പ്രളയമേഖലകളിലെ പുനര്‍നിര്‍മാണം സര്‍ക്കാരിനു മുന്നില്‍ വെല്ലുവിളിയാകുന്നു. മഹാപ്രളയം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും ലക്ഷ്യമിട്ടതിന്‍റെ പത്തിലൊന്ന് തുക പോലും സമാഹരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല.
പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ കണക്കുകൂട്ടിയത് 30000 കോടിയോളം രൂപയാണ്. സംസ്ഥാനത്തിന്‍റെ ഒരു വര്‍ഷത്തെ പദ്ധതി തുകയോളം തന്നെ വരുന്ന ഈ തുക കണ്ടെത്താനായി സര്‍ക്കാര്‍ ലക്ഷ്യം വച്ചത് മൂന്ന് വഴികള്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, കേന്ദ്ര സഹായം, വിദേശ വായ്പയും വിദേശ രാജ്യങ്ങളില്‍ നിന്നുളള സഹായവും.
ദുരിതാശ്വാസ നിധിയിലേക്ക് നല്ല നിലയില്‍ സഹായം എത്തുന്നതിനിടെയാണ് സാലറി ചലഞ്ചിന് ഹൈക്കോടതിയില്‍ നിന്നും പിന്നീട് സുപ്രീം കോടതിയില്‍ നിന്നുമുളള തിരിച്ചടി. സാലറി ചലഞ്ച് വഴി ദുരിതാശ്വാസ നിധിയിലേക്ക് 2000 കോടി രൂപയോളം പ്രതീക്ഷിച്ച സര്‍ക്കാരിന് എത്ര തുക ലഭിക്കുമെന്ന് പറയാന്‍ ഇപ്പോഴാകുന്നില്ല.
വിസമ്മത പത്രമെന്ന വ്യവസ്ഥ സ്റ്റേ ചെയ്യപ്പെട്ടതോടെ സമ്മതം അറിയിച്ചവര്‍ തന്നെ പിന്‍മാറാനുളള സാധ്യതയുമുണ്ട്. 4,85,469 സര്‍ക്കാര്‍ ജീവനക്കാരില്‍ 2,88904 പേരാണ് സാലറി ചലഞ്ചിന്‍റെ ഭാഗമായത്. 32 ശതമാനത്തോളം ജീവനക്കാര്‍ വിസമ്മതപത്രം നല്‍കി. യുഎഇ മുന്നോട്ടുവച്ച 700 കോടിയുടെ സഹായത്തോട് മുഖം തിരിച്ച കേന്ദ്രസര്‍ക്കാര്‍ വിദേശ വായ്പാ കാര്യത്തിലും മന്ത്രിമാരുടെ വിദേശ സന്ദര്‍ശന കാര്യത്തിലും കടുംപിടുത്തം തുടരുന്നു.
വിദേശ യാത്ര മുടങ്ങിയതുവഴി 5000 കോടിയോളം രൂപ നഷ്ടമായെന്നാണ് സര്‍ക്കാര്‍ കണക്ക്. 3600 കോടി രൂപ വായ്പ നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചിട്ടും കേന്ദ്രം കടമെടുപ്പ് പരിധി ഉയര്‍ത്തിയിട്ടില്ല. കേന്ദ്ര ദുരിതാശ്വാസ നിധിയില്‍ നിന്ന് കിട്ടേണ്ട 4700 കോടി രൂപ എന്ന് കിട്ടുമെന്ന കാര്യത്തിലും വ്യക്തതയില്ല.
വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം പ്രതീക്ഷിച്ച് തുടങ്ങിയ ക്രൗഡ് ഫണ്ടിംഗും പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല. ചുരുക്കത്തില്‍ കേന്ദ്ര സഹായമായി കിട്ടിയ 600 കോടിക്കു പുറമെ ദുരിതാശ്വാസ നിധിയിലെത്തിയ 1874 കോടി രൂപ മാത്രമാണ് സര്‍ക്കാരിന്‍റെ കൈയിലുളളത്. ഇതില്‍ നിന്ന് വീടുകളില്‍ വെളളം കയറിയവര്‍ക്ക് അടിയന്തര സഹായമായി 454 കോടി രൂപ നല്‍കി. വീടൊന്നിന് നാലു ലക്ഷം എന്ന കണക്കില്‍ വീടു നഷ്ടമായവര്‍ക്ക് 1200 കോടി രൂപ ഉടന്‍ നല്‍കണം.
അടിയന്തരാശ്വാസം ഇത്തരത്തില്‍ എത്തിക്കാനകുമെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള നിര്‍മാണം എങ്ങനെ യാഥാര്‍ത്ഥ്യമാക്കുമെന്ന ചോദ്യം ബാക്കി. പ്രളയത്തില്‍ തകര്‍ന്ന സ്കൂളും റോഡും പാലവും അടക്കം പത്തു ജില്ലകളില്‍ ദുരന്തകാഴ്ചകള്‍ അതേപടി തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam