
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പ്രവർത്തി ദിവസമാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. ബലിപെരുന്നാൾ അവധിയായി നിശ്ചയിച്ചിരുന്നത് നാളെയായിരുന്നു. എന്നാൽ ബലിപെരുന്നാൾ ശനിയാഴ്ചയായിരിക്കുമെന്ന് വ്യക്തമായതോടെയാണ് അവധിയും മാറ്റിയത്. സർക്കാർ തീരുമാനത്തെ വിമർശിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത് വന്നു.
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച മാത്രമാക്കിയാണ് സംസ്ഥാന സർക്കാരിൻ്റെ പുതിയ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിൻ്റെ കലണ്ടറിൽ ബലിപെരുന്നാൾ അവധി വെള്ളിയാഴ്ച എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ അവധിയാണ് മറ്റന്നാളേക്ക് മാറ്റിയത്. മുഖ്യമന്ത്രി തീരുമാനത്തിൽ ഒപ്പുവച്ചതിന് പിന്നാലെയാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്.
ബലിപെരുന്നാൾ അനുഷ്‌ഠാനവുമായി ബന്ധപ്പെട്ട് മാസപ്പിറവി കാണാൻ വൈകിയതിനാലാണ് ബലിപെരുന്നാൾ ശനിയാഴ്ചത്തേക്ക് മാറിയതെന്നാണ് ഔദ്യോഗിക വിശദീകരണം. പൊതു അവധി ശനിയാഴ്ച കൂടി അനുവദിക്കണമെന്ന് നേരത്തെ സർക്കാരിന് മുന്നിൽ ആവശ്യമെത്തിയിരുന്നു. പൊതു അവധി ദിവസത്തിൽ മാറ്റം വരുമോ അതോ രണ്ട് ദിവസവും അവധി പ്രഖ്യാപിക്കുമോ എന്ന ചോദ്യം ശക്തമായിരുന്നു. ഇതിനിടെയാണ് രണ്ട് ദിവസം അവധിയില്ല, പകരം നിലവിലെ അവധി ശനിയാഴ്ചയാക്കി തിരുത്തി സർക്കാർ ഉത്തരവായത്.
അവധി റദ്ദാക്കിയ സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് വിമർശിച്ച മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ഉത്തരവ് പിൻവലിച്ച്, വെള്ളിയാഴ്ച കൂടി ബലിപെരുന്നാൾ അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam