മന്ത്രിസ്ഥാനത്തുനിന്നും മാത്യു ടി. തോമസ് രാജിവച്ചു

By Web TeamFirst Published Nov 26, 2018, 8:51 AM IST
Highlights

വെള്ളിയാഴ്ച ബെംഗളുരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ചർച്ചയിലാണ് മന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രിയ്ക്ക് ജെഡിഎസ് കത്ത് കൈമാറിയിരുന്നു.

തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവച്ചു. ജെഡിഎസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മാത്യു ടി.തോമസ് മന്ത്രിസ്ഥാനം വച്ചുമാറുന്നത്. മാത്യു ടി.തോമസ് രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും ഇന്ന് തീരുമാനിക്കും.

വെള്ളിയാഴ്ച ബെംഗളുരുവിൽ ദേവഗൗഡയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല ചർച്ചയിലാണ് മന്ത്രിയെ മാറ്റാൻ തീരുമാനിച്ചത്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രിയ്ക്ക് ജെഡിഎസ് കത്ത് കൈമാറിയിരുന്നു. ജെഡിഎസിന്‍റെ ആഭ്യന്തരകാര്യം എന്ന നിലയ്ക്ക് സിപിഎമ്മും തീരുമാനത്തോട് യോജിക്കുകയാണ്. മാത്യു ടി. തോമസിന്‍റെ രാജിക്കത്ത് കിട്ടിയതിന് പിന്നാലെ മുഖ്യമന്ത്രി ഇടത് നേതാക്കളുമായി കൂടിയാലോചിക്കും. 

ഉടൻ എൽഡിഎഫ് യോഗം ചേർന്ന് കെ. കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ തീയതിയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കും. ദേശീയ നേതൃത്വം തീരുമാനം അടിച്ചേല്പിച്ചുവെന്നാണ് മാത്യു ടി. തോമസ് വിഭാഗത്തിന്‍റെ പരാതി. കൃഷ്ണൻകുട്ടി മന്ത്രിയാകുമ്പോൾ സംസ്ഥാന പ്രസിഡണ്ട് ആരാകണം എന്നതിനെ കുറിച്ച് പാർട്ടിയിൽ വലിയ തർക്കമുണ്ട്. 

ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്ന് മാത്യു ടി. തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പക്ഷെ മാത്യു ടി .തോമസിനെ പ്രസിഡണ്ടാക്കണമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ ആവശ്യപ്പെടുന്നുണ്ട്. ഇന്ന് കൊച്ചിയിൽ മാത്യു ടി.തോമസിനെ അനുകൂലിയ്ക്കുന്നവരുടെ യോഗം ചേരും. 

Read More: പാർട്ടിയുടെ പിളർപ്പിലേയ്ക്ക് കാര്യങ്ങൾ പോകില്ലെന്ന് മാത്യു ടി.തോമസ്

click me!