ആവശ്യങ്ങളെല്ലാം അംഗീകരിച്ചു: ലോങ് മാർച്ചിന് ചരിത്ര വിജയം

By Web DeskFirst Published Mar 12, 2018, 8:56 PM IST
Highlights
  • ആവശ്യങ്ങളെല്ലാം അംഗീകരിച്ചു: ലോംഗ് മാർച്ചിന് ചരിത്ര വിജയം

മുംബൈ: കിസാൻസഭയുടെ നേതൃത്വത്തിൽ  മഹാരാഷ്ട്രയിൽ കർഷകർ നടത്തിയ ലോങ് മാർച്ചിന് ചരിത്ര വിജയം.  കർഷകർ ഉന്നയിച്ച ഭൂരിഭാഗം  ആവശ്യങ്ങളും  സർക്കാർ അംഗികരിച്ചു. പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്നെത്തിയ അതിജീവനത്തിനായുള്ള സമരത്തിന് മുന്നിൽ ഒടുവിൽ സർക്കാർ മുട്ടുമടക്കി. 

രണ്ട് മാസത്തിനുള്ളിൽ വനാവകാശ നിയമം നടപ്പിലാക്കും, വിളകൾക്ക് ഉൽപാദന ചെലവിന്റെ ഒന്നര ഇരട്ടി താങ്ങുവില ഉറപ്പാക്കും, എല്ലാ കർഷകർക്കും റേഷൻ കാർഡ് , കടാശ്വാസ പദ്ധതികളിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരും , ഇതൊക്കെയാണ് സർക്കാർ അംഗീകരിച്ച ആവശ്യങ്ങളിൽ പ്രധാനപ്പെട്ടത്. ഉറപ്പുകൾ നടപ്പാക്കാനും , കാർഷിക പ്രശ്നങ്ങൾ പഠിക്കാനുമായി ആറംഗ സമിതിയെ നിയമിക്കാനും ഫട്നാഫിസ് സർക്കാർ തീരുമാനിച്ചു.

മുഖ്യമന്ത്രി ദേവന്ദ്ര ഫ്ടനവസും ആറ് മന്ത്രിമാരും അടങ്ങുന്ന സംഘവും കിസാൻ സഭ പ്രതിനിധികളുമായി നടത്തിയ മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് ഒത്തുതീർപ്പ് ധാരണയായത്.  കഴിഞ്ഞ ബുധനാഴ്ച നാസിക്കിൽ നിന്ന് തുടങ്ങിയ ലോങ് മാർച്ച് , 200ലേറെ കിലോമീറ്ററുകൾ താണ്ടി അരലക്ഷത്തിലേറെ കർഷകരുമായി മുംബൈയിലെ ആസാദ് മൈതാനത്ത് എത്തുമ്പോൾ , കർഷക സമരം ചരിത്രത്തിൽ തന്നെ ഇടംപിടിച്ചിരുന്നു. 

ദേശീയ തലത്തിൽ കാർഷിക പ്രശ്നങ്ങൾ സമര വിജയത്തോടെ ഉയർന്ന് വരും. ത്രിപുര തോൽവിയിൽ നിറംമങ്ങി നിൽക്കുന്ന ഇടത് പ്രസ്ഥാനങ്ങൾക്ക് പുതിയ ഊർജം കൂടിയാവുകയാണ് ലോങ് മാർച്ച്.

click me!