അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടയുന്നത് സംഘപരിവാര്‍; പ്രതിഷേധം ഉയരണം: കോടിയേരി ബാലകൃഷ്‌ണന്‍

By Web TeamFirst Published Oct 17, 2018, 10:31 PM IST
Highlights

സമരം ചെയ്യുന്ന ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്ന അഭിപ്രായമുണ്ടെങ്കില്‍ അവരെന്തുകൊണ്ടാണ് റിവ്യു ഹര്‍ജി നല്‍കാത്തതെന്ന് വ്യക്തമാക്കണം. കോടതിവിധിയുടെ മറവില്‍ കലാപമുണ്ടാക്കാനാണ് ഇരുകൂട്ടരും ശ്രമിയ്ക്കുന്നത്. സുപ്രീംകോടതിവിധി നടപ്പിലാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കലാപമുണ്ടാക്കി സുപ്രീംകോടതിയെ പ്രകോപിപ്പിച്ച് കോടതിവിധി പോലും നടപ്പിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിയ്ക്കുന്നത്. 
 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ അജണ്ടയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമലയില്‍ അക്രമികളെ കൊണ്ടുവന്ന് വിശ്വാസികളെ തടഞ്ഞുനിര്‍ത്തുന്ന സംഘപരിവാറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ 10നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചത്. സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും അതനുസരിച്ചുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കോടിയേരി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമരം ചെയ്യുന്ന ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ടെന്ന അഭിപ്രായമുണ്ടെങ്കില്‍ അവരെന്തുകൊണ്ടാണ് റിവ്യു ഹര്‍ജി നല്‍കാത്തതെന്ന് വ്യക്തമാക്കണം. കോടതിവിധിയുടെ മറവില്‍ കലാപമുണ്ടാക്കാനാണ് ഇരുകൂട്ടരും ശ്രമിയ്ക്കുന്നത്. സുപ്രീംകോടതിവിധി നടപ്പിലാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ കലാപമുണ്ടാക്കി സുപ്രീംകോടതിയെ പ്രകോപിപ്പിച്ച് കോടതിവിധി പോലും നടപ്പിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാരാണെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമിയ്ക്കുന്നത്. 

സുപ്രീംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും അക്രമവുമായി മുന്നോട്ടുപോയി വിധിയെ നടപ്പാക്കാനനുവദിക്കില്ലെന്ന നിലപാട് സംഘപരിവാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിക്കനുകൂലമായ നിലപാടാണ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരിച്ചതെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായി കേരളത്തിലെ കോണ്‍ഗ്രസ് സംഘപരിവാര്‍ അജണ്ടകള്‍ക്ക് കൂട്ടുനില്‍ക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. അതിന്റെ ഭാഗമായി ഒരു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഇന്ന് ശബരിമലയില്‍ സമരവും നടക്കുകയുണ്ടായി.

സംഘപരിവാറിന്റെ ആസൂത്രണത്തിലൂടെ വ്യാപകമായ അക്രമമാണ് ശബരിമലയിലും ചുറ്റുവട്ടമുള്ള പ്രദേശങ്ങളിലും നടന്നത്. ശബരിമലയിലേക്ക് എത്തുന്ന വിശ്വാസികളെ പരിശോധിക്കുകയും തടഞ്ഞുനിര്‍ത്തി അവിടെ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായ ശ്രമമാണ് നടന്നത്. ഇവിടെ ബിജെപിയുടെ നേതാക്കള്‍ എത്തിയിരുന്നു എന്നതും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കുന്നതാണ്. പതിനെട്ടാംപടി വരെ ഉപരോധിക്കുന്ന നടപടി പോലും സ്വീകരിക്കുകയുണ്ടായി. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്യുന്ന സ്ഥിതിയും ഇവിടെ ഉണ്ടായി.

ശബരിമലയില്‍ വ്യാപകമായ അക്രമമാണ് സംഘപരിവാര്‍ അഴിച്ചുവിട്ടത്. വനിതാ മാധ്യമപ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സ്ഥിതിയുമുണ്ടായി. 10 മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് തീര്‍ത്ഥാടകരേയും 15 പോലീസുകാരെയും ഇവര്‍ ആക്രമിച്ചു. മാധ്യമങ്ങളുടെ അഞ്ച് വാഹനങ്ങളും കെഎസ്ആര്‍ടിസിയുടെ 11 വാഹനങ്ങളും തകര്‍ത്തു.ശരണംവിളി മുഴങ്ങേണ്ട ശബരിമലയില്‍ കൊലവിളിയുമായി ഓടിനടന്ന സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വിശ്വാസി സമൂഹം മുന്നോട്ടുവരേണ്ടതുണ്ട്.

ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസം വെച്ചുപുലര്‍ത്താനുള്ള സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേത്. അത്തരം കാഴ്ചപ്പാടുകള്‍ക്കെതിരായി നിലകൊള്ളുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരായി ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരേണ്ടതുണ്ട്. സംസ്ഥാനത്ത് കുഴപ്പങ്ങള്‍ കുത്തിപ്പൊക്കാനുള്ള സംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും അതിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ അജണ്ടകള്‍ക്കെതിരെയും നമ്മുടെ നാട് ഒന്നിക്കണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
 

click me!