
കൊല്ലം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനച്ചടങ്ങിൽ നിന്ന് സ്ഥലം മേയറെയും എംഎൽഎമാരെയും ഒഴിവാക്കിയത് വിവാദമായി. മന്ത്രി മേഴ്സിക്കുട്ടിയമ്മയുൾപ്പടെയുള്ളവർ ഇതിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നിൽ എന്‍ കെ പ്രേമചന്ദ്രനാണെന്നും മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
പ്രധാനമന്ത്രിയെക്കൂടാതെ ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പടെ 12 പേർക്കാണ് വേദിയിൽ ഇരിപ്പിടമുള്ളത്. കൊല്ലം എംഎൽഎ മുകേഷിനൊപ്പം നേമം എംഎൽഎ ഒ രാജഗോപാലാണ് വേദിയിലുള്ളത്. ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ്ഗോപിയും വി മുരളീധരനും വേദിയിൽ ഇടമുണ്ട്. മറ്റ് എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, കെ സോമപ്രസാദ് എന്നിവരും വേദിയിലുണ്ടാകും. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, ജി സുധാകരൻ, കെ രാജു എന്നിവർക്കും വേദിയിലിടമുണ്ട്.
ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിന്‍റെ വേദിയിൽ നിന്ന് ബൈപ്പാസ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ ഇടത് എംഎൽഎമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇരവിപുരം എംഎൽഎ എം നൗഷാദിനെയും ചവറ എംഎൽഎ എൻ വിജയൻ പിള്ളയെയുമാണ് ഒഴിവാക്കിയതായി ആരോപണമുയരുന്നത്.
എന്നാൽ ഇത് പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭ കെടുത്താനായി ഉന്നയിക്കുന്ന വെറും ആരോപണങ്ങളാണെന്നും എല്ലാ എംഎൽഎമാരെയും വേദിയിലേക്ക് ക്ഷണിക്കാനാകില്ലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
മുഖ്യമന്ത്രി ഫെബ്രുവരി 2-ന് ഉദ്ഘാടനം ചെയ്യാനിരുന്ന കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി എത്തി ഉദ്ഘാടനം ചെയ്യുമെന്ന് അപ്രതീക്ഷിതപ്രഖ്യാപനം വന്നതോടെ വലിയ രാഷ്ട്രീയവിവാദങ്ങളാണ് ഇതേക്കുറിച്ച് ഉയർന്നത്.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടികൾ
വൈകിട്ട് നാല് മണിയ്ക്ക് തിരുവനന്തപുരത്തെ വ്യോമസേനാ ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങും. അവിടെ നിന്ന് ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക്. 4.50-ന് തുടങ്ങുന്ന ചടങ്ങിൽ കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് ബൈപ്പാസ് ഉദ്ഘാടനം നിർവഹിക്കും. മേവറം മുതൽ കാവനാട് ആൽത്തറമൂട് വരെ 13.14 കിലോമീറ്റർ ദൂരമാണ് ബൈപ്പാസ്.
ഉദ്ഘാടനപരിപാടിയ്ക്ക് ശേഷം എൻഡിഎ മഹാസംഗമത്തിൽ മോദി പങ്കെടുക്കും. വൈകിട്ട് അഞ്ചരയ്ക്ക് കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടിലാണ് എൻഡിഎ മഹാസംഗമം.
തുടർന്ന് ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്റർ വഴി തിരുവനന്തപുരത്തേക്ക്. വൈകിട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്തെത്തുന്ന മോദി ഏഴേകാലിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'സ്വദേശ് ദർശൻ' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ക്ഷേത്രദർശനം നടത്തിയ ശേഷം വീണ്ടും തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ടെക്നിക്കൽ ഏരിയയിലേക്ക്. എട്ട് മണിയോടെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam