
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ അപ്പാര്‍ട്മെന്‍റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച പെണ്‍വാണിഭ സംഘം പിടിയില്‍. ആറു സ്ത്രീകളുള്‍പ്പെടെ ഒമ്പത് പേര്‍ അറസ്റ്റിലായി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിക്ക് സമീപം ഇയ്യപ്പാടി റോഡിലാണ് അപാര്‍ട്മെന്‍റ്. പെണ്‍വാണിഭ സംഘത്തിന്‍റെ പ്രവര്‍ത്തനം ഈ അപാര്‍ട്മെന്‍റ് കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന രഹസ്യ വിവരം കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ക്കാണ് കിട്ടുന്നത്. പിന്നാലെ ക്രൈം സ്ക്വാഡ് നിരീക്ഷണം ശക്തമാക്കി.
നടക്കാവ് പോലീസിനൊപ്പം സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് അപ്പാർട്ട്മെന്റിൽ നടത്തിയ പരിശോധനയിലാണ് പെണ്‍വാണിഭ സംഘം പിടിയിലായത്. നടത്തിപ്പുകാരായ പുല്‍പ്പള്ളി സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്‍തിരുത്തി സ്വദേശി ഉപേഷ് ഇടപാടിനെത്തിയ ചേലേമ്പ്ര സ്വദേശി ഷക്കീര്‍, തൃക്കലങ്ങേട് സ്വദേശി നഹാസ്, എന്നിവരുള്‍പ്പെടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പരിശോധനക്കെത്തുന്നതിന്‍റെ തൊട്ടു മുമ്പും ഇടപാടുകാര്‍ വന്നു മടങ്ങിയിരുന്നു. കോഴിക്കോട് സ്വദേശിയായ സുരേഷ് ബാബുവിന്‍റെയും സുഹൃത്തിന്‍റേയും ഉടമസ്ഥതയിലുള്ള അപാര്‍ട്മെന്‍റ് രണ്ടു വര്‍ഷം മുമ്പാണ് ബാലുശ്ശേരി സ്വദേശി വാടകക്കെടുത്തത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും സംശയകരമായി ഒന്നും തോന്നിയിരുന്നില്ലെന്ന് സുരേഷ് ബാബു പറഞ്ഞു.
ബാലുശ്ശേരി സ്വദേശി അപ്പാർട്ട്മെന്റ് വാടകക്കെടുത്ത ശേഷം ഇടുക്കി സ്വദേശിയായ യുവതിക്ക് കൈമാറുകയായിരുന്നു. ഇയാള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസിന്‍റെ നിഗമനം. സ്പായുടെ പേരില്‍ ഓണ്‍ലൈനിലുള്‍പ്പെടെ പരസ്യം ചെയ്താണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. തമിഴ്നാട്ടില്‍ നിന്നും കര്‍ണാകടയില്‍ നിന്നുമുള്‍പ്പെടെ യുവതികളെ ഇവിടെ എത്തിച്ചിരുന്നു.
ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനുള്ള കേന്ദ്രമായാണ് അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാനായിരുന്നു ആശുപത്രി പരിസരം തന്നെ സംഘം തെരഞ്ഞെടുത്തതും. ആസാമില്‍ നിന്നും ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോട് പെണ്‍വാണിഭ സംഘത്തിന‍്റെ വലയിലെത്തിച്ചതിന്‍റെ നടുക്കം മാറും മുമ്പാണ് നഗരമധ്യത്തില്‍ മറ്റൊരു പെണ്‍വാണിഭ സംഘം പിടിയിലാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam