
തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യകോർപ്പറേഷനിലെ ജനറൽ മാനേജർ തസ്തികയിൽ ബന്ധുവിന് അനധികൃത നിയമനം നൽകിയെന്ന ആരോപണം തള്ളി മന്ത്രി കെ.ടി.ജലീൽ. കൃത്യമായ ചട്ടങ്ങൾ പാലിച്ചാണ് നിയമനം നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. യോഗ്യതയുള്ള ആളെ കണ്ടെത്താൻ പത്രപ്പരസ്യം നൽകി, അഭിമുഖം നടത്തിയെന്നും ജലീൽ വിശദീകരിച്ചു.
കോർപ്പറേഷനിൽ കെ.ടി.അദീപിനെ നിയമിച്ചത് നേരിട്ടാണ്. നേരത്തേയും കോർപ്പറേഷനിൽ രണ്ട് പേരെ നേരിട്ട് നിയമിച്ചിട്ടുണ്ട്. എംബിഎ മാത്രം മതിയെന്ന യോഗ്യത മാറ്റി, ബി.ടെക് കൂടിയുള്ളവരെ കൂടി പരിഗണിക്കാമെന്ന് തീരുമാനിച്ചത് കൂടുതൽ പേർക്ക് അവസരം നൽകാനാണ്. റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്‍റെ പോലും യോഗ്യത ബി.ടെക്കാണെന്നും ഇതെങ്കിലും യൂത്ത് ലീഗും പി.കെ.ഫിറോസും മനസ്സിലാക്കണമെന്നും കെ.ടി.ജലീൽ പറഞ്ഞു.
ചെറുകിടപത്രങ്ങളിലല്ലാതെ പത്രപ്പരസ്യം നൽകിയിട്ടില്ലെന്ന പി.കെ.ഫിറോസിന്‍റെ വാദം പച്ചക്കള്ളമാണ്. ചന്ദ്രിക ദിനപത്രത്തിലടക്കം ആളുകളെ ക്ഷണിച്ച് പരസ്യം നൽകിയിട്ടുണ്ട്. യൂത്ത് ലീഗുകാർ കുറഞ്ഞത് 'ചന്ദ്രിക' പത്രമെങ്കിലും വായിക്കണമെന്നും ജലീൽ പരിഹസിച്ചു.
'ന്യൂനപക്ഷധനകാര്യകോർപ്പറേഷൻ ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്. അവിടെ സർക്കാരിന് നേരിട്ട് നിയമനം നടത്താൻ അവകാശമുണ്ട്. പത്രപ്പരസ്യം നൽകിയിട്ടും ഏഴ് ഉദ്യോഗാർഥികൾ മാത്രമാണ് വന്നത്. അവർക്കാർക്കും യോഗ്യതയുണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കെ.ടി.അദീപിനെ നേരിട്ട് അങ്ങോട്ട് വിളിച്ച് ജി.എം.തസ്തിക നൽകിയത്.' ജലീൽ വിശദീകരിച്ചു.
'ലീഗുകാർ പലരും കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്തിട്ടുണ്ട്. പലരും അത് തിരിച്ചടച്ചിട്ടില്ല. കിട്ടാക്കടം തിരിച്ചുപിടിയ്ക്കാൻ കോർപ്പറേഷനിൽ ഇപ്പോഴുണ്ടാകുന്ന നടപടികളാണ് യൂത്ത് ലീഗിന്‍റെ പ്രകോപനത്തിന് കാരണം.' ജലീൽ ആരോപിയ്ക്കുന്നു.
അതേസമയം, നിയമക്കുരുക്കിൽ നിന്ന് തലയൂരാൻ കെ.ടി.അദീപിനെ രാജിവെപ്പിച്ചേക്കുമെന്നാണ് സൂചന. വിവാദം നിയമക്കുരുക്കിലേക്ക് നീങ്ങിയാൽ പാർട്ടി നേതൃത്വം ഇടയുമെന്ന് ഭയന്നാണ് നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam