
വഡോദര: ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ ആക്രമിച്ച് പുള്ളിപ്പുലി നാല് മാസം പ്രായമുളള ആൺ കുഞ്ഞിനെ കടിച്ചെടുത്ത് ഓടി. ഗുജറാത്തിലെ വഡോദരയില്‍ നിന്നും 100 കിമി ഉള്ളിൽ ആദിവാസി മേഖലയായ ഛോട്ടാ ഉദയ്പൂരിൽ ശനിയാഴ്ച്ചയാണ് സംഭവം നടന്നത്. വിക്രം റാത്വ, ഭാര്യ സപ്ന എന്നിവരാണ് പുള്ളിപ്പുലിയുടെ അക്രമണത്തിന് ഇരയായത്.
ദമ്പതികളും അവരുടെ നാല് മാസം പ്രായമുളള ആൺകുഞ്ഞും ബൈക്കില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെ പുള്ളിപ്പുലി ആക്രമിക്കുകയായിരുന്നു.
ഛോട്ടാ ഉദയ്പൂരിലെ പവി ജറ്റ്പുർ തലൂക്കിൽ റായ്പൂര്‍ ഗ്രാമത്തിനടുത്ത് വിജനമായ പ്രദേശത്ത് എത്തിയപ്പോഴാണ് ഇവരെ പുലി ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
‘അടുത്തുളള കാട്ടില്‍ നിന്നാണ് പുലി ചാടിവീണത്. ബൈക്കിലേക്ക് ചാടി വീണ പുലി ആദ്യം അക്രമിച്ചത് സപ്നയെ ആണ്. അക്രമണത്തിൽ സപ്നയുടെ കാൽമുട്ടിൽ പരിക്ക് ഏൽക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് താഴെ വീഴുകയുമായിരുന്നു. തുടർന്ന് പുലി തങ്ങളുടെ നാല് മാസം പ്രായമുള്ള ആൺകുഞ്ഞ് ആയുഷിനെ കടിച്ചെടുത്ത് ഒാടി. അവിടെ നിസ്സഹയരായി നിലവിളിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു’, വിക്രം പറഞ്ഞു.
ദമ്പതികളുടെ നിലവിളി കേട്ടെത്തിയ ഗ്രാമവാസികള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് ആയുധങ്ങളുമായി എത്തിയ ഇവര്‍ പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ മോചിപ്പിച്ചു. ദമ്പതികളേയും കുഞ്ഞിനേയും പിന്നീട് വഡോദരയിലെ സയാജിറോ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കാലിനും പിന്‍ഭാഗത്തും പരുക്കേറ്റതായി ഡോക്ടർമാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam