അത് ഹാക്കിങ്ങല്ല; ട്രായ് തലവന്‍റെ ആധാർ ചോർന്നിട്ടില്ലെന്ന് യുഐഡിഎഐ

By Web TeamFirst Published Jul 30, 2018, 9:52 AM IST
Highlights

ആധാർ ഡേറ്റ ബേസിൽ നിന്നോ സെര്‍വറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് ആധാറിന്റെ ചുമതലയുള്ള  യുഐഡിഎഐയുടെ വിശദീകരണം. ഗൂഗിളിൽ നിന്നോ മറ്റു വെബ്സൈറ്റുകളിൽ നിന്നോ ഉള്ള വിവരങ്ങൾ സേര്‍ച്ച് ചെയ്തെടുത്ത വിവരങ്ങളാകാം.

ദില്ലി: ആധാറിന്‍റെ സുരക്ഷിതത്വം തെളിയിക്കാൻ ഹാക്കർമാരെ വെല്ലുവിളിച്ച ട്രായ് ചെയർമാൻ ആർ എസ് ശർമ്മയുടെ സ്വകാര്യ വിവരങ്ങൾ ഹാക്കര്‍മാര്‍ പുറത്ത് വിട്ടിരുന്നു. സംഭവത്തില്‍ വിശദീകരണവുമായി യുഐഡിഎഐ രംഗത്തെത്തി. ആധാർ ഡേറ്റ ബേസിൽ നിന്നോ സെര്‍വറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ലെന്നാണ് ആധാറിന്റെ ചുമതലയുള്ള  യുഐഡിഎഐയുടെ വിശദീകരണം.

ഗൂഗിളിൽ നിന്നോ മറ്റു വെബ്സൈറ്റുകളിൽ നിന്നോ ഉള്ള വിവരങ്ങൾ സേര്‍ച്ച് ചെയ്തെടുത്ത വിവരങ്ങളാകാം. അത് ഹാക്ക് ചെയ്തതെന്ന മട്ടിൽ ട്വിറ്ററിൽ പ്രചരിപ്പിച്ചാണെന്ന് വേണംകരുതാന്‍. ഇത് 12 അക്ക ആധാർ നമ്പറില്ലാതെ തന്നെ ആർക്കും കണ്ടെത്താനാകുമെന്നും  യുഐഡിഎഐ വ്യക്തമാക്കി.

വർഷങ്ങളായി പൊതുസേവന രംഗത്തുള്ള ശർമയുടെ വിവരങ്ങൾ ഒട്ടേറെ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും ആധാറിന്റെ സഹായമില്ലാതെ തന്നെ അവയെല്ലാം കണ്ടെത്താമെന്നുമാണ് യുഐഡിഎഐയുടെ വാദം. ആധാർ ഡേറ്റ ബേസ് സുരക്ഷിതമാണെന്നും അതോറിറ്റി വ്യക്തമാക്കി. 

ആധാറിന്‍റെ സുരക്ഷിതത്വം തെളിയിക്കാൻ ഹാക്കർമാരെ ശര്‍മ വെല്ലുവിളിച്ചതോടെയാണ് ആധാര്‍ വിവരങ്ങള്‍ പുറത്ത് വന്നത്. ആധാർ സുരക്ഷിതമാണെന്നും ആധാർ വിവരങ്ങൾ വച്ച് ആർക്കും ആരെയും ഉപദ്രവിക്കാൻ കഴിയില്ലെന്നും അവകാശപ്പെട്ട് ശർമ ' ദി പ്രന്‍റ്.ഇന്‍ (the print.in)-ന്  നൽകിയ അഭിമുഖത്തോടെയാണ് സംഭവങ്ങളുടെ തുടക്കം.

അഭിമുഖത്തില്‍ ആധാറിന്‍റെ സുരക്ഷിതത്വത്തില്‍ ആശങ്കവേണ്ടെന്നായിരുന്നു ശര്‍മ്മയുടെ നിലപാട്. ഇതോടെ ശര്‍മ്മയുടെ ആധാര്‍ നമ്പര്‍ അയച്ചു തരാൻ ഒരാൾ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത ശർമ്മ ആധാർ നമ്പർ ട്വീറ്റ് ചെയ്തു.  ഇത് കൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കാൻ ആധാർ വിരോധികളെ വെല്ലു വിളിക്കുകയും ചെയ്തു. 

കൂടെ നിയമ നടപടികൾ സ്വീകരിക്കില്ല എന്ന ഉറപ്പും. മണിക്കൂറുകൾക്കകം ശർമ്മയുടെ ഫോൺ നമ്പറുകളും മേൽവിലാസവും ഇ മെയിൽ ഐഡിയും ഹാക്കർ മാർ പുറത്തു വിട്ടു. ജന്മദിനവും വോട്ടർ ഐഡി വിവരങ്ങളും പിന്നാലെ എത്തി. ഈ വിവരങ്ങൾ ആധാരിന്‍റെ സഹായം കൂടാതെ ലഭിക്കുന്നതാണെന്ന മറുപടി വന്നതോടെ ഹാക്കർമാർ ഒരു പടി കൂടി കടന്നു. 

ശർമയുടെ പാൻ കാർഡ് വിവരങ്ങൾ കിട്ടിയതായി ഫ്രഞ്ച് സൈബർ വിദഗ്ധൻ ഇല്ല്യോട്ട് ആന്‍ഡേഴ്സണ്‍ ( elliot alderson)അവകാശപ്പെട്ടു. ശർമ നൽകിയ ആധാർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല എന്നും ആന്‍ഡേഴ്സണ്‍ കൂട്ടിചേർത്തു. ശർമ്മയുടെ ജി മെയിൽ ഐഡി ഹാക്ക് ചെയ്യാനുള്ള എല്ല വിവരങ്ങളും കിട്ടിയതായി അവകാശപ്പെട്ട് ഹാക്കർമാർ അതിനുള്ള മാർഗവും പരസ്യപ്പെടുത്തി.

എന്നാൽ അപ്പോഴും ശർമ തന്‍റെ വാദത്തിൽ ഉറച്ചു നിന്നു. തന്‍റെ സ്വകാര്യ വിവരങ്ങൾ പുറത്തായത് ആധാർ വഴിയല്ലെന്നും പുറത്ത് വന്ന വിവരങ്ങൾ കൊണ്ട് തന്നെ ഉപദ്രവിക്കാൻ കഴിയിലെന്നും അവകാശപ്പെട്ട ശർമ്മ തന്‍റെ ബാങ്ക് വിവരങ്ങൾ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. 

click me!