
പമ്പ: പൊലീസ് സുരക്ഷ ഒരുക്കാത്ത സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശനം ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നതെന്ന് ലിബി സി.എസ്. കോടതി വിധ നടപ്പാക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടുവെന്നും ലിബി ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
'എനിക്ക് മടങ്ങിപ്പോകാൻ യാതൊരു താല്‍പര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. അവര്‍ക്ക് അതിന് സാധ്യമല്ല, ഫോഴ്സില്ല. അതുകൊണ്ട് അവരാണ് എന്നോട് ആവശ്യപ്പെട്ടത് മടങ്ങിപ്പോകാൻ. പൊലീസ് പറയുന്നത്, ഇവിടെ സംഘര്‍ഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്സില്ല നിങ്ങളെ ശബരിമലയില്‍ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കില്‍ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമായിരുന്നു എന്നെല്ലാമാണ്'- ലിബി പറഞ്ഞു.
സംഭവത്തില്‍ കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ലിബി പറഞ്ഞു. നിരീശ്വരവാദിയാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെ കുറിച്ചും ലിബി പ്രതികരിച്ചു.
'കോടതി വിധിയില്‍ നിരീശ്വരവാദിയാണോ അവിശ്വാസിയാണോ എന്നൊന്നും ഇല്ല. സ്ത്രീകള്‍ക്ക് അവിടെ പോകാമെന്നുള്ളതാണ് വിധി. ലിംഗസമത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയ്ക്ക് അത്തരത്തിലുള്ള ഒരു കോടതി വിധി വന്നപ്പോള്‍ അത് നടപ്പിലാക്കാന്‍ ആഗ്രഹിച്ച് തന്നെയാണ് വന്നത്'- ലിബി പറഞ്ഞു.
ശബരിമലയിലേക്ക് പുറപ്പെട്ട വഴിയില്‍ ചങ്ങനാശ്ശേരി വച്ച്, തന്നെ തടഞ്ഞിരുന്നുവെന്നും പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വച്ച് തനിക്കെതിരെ കയ്യേറ്റമാണ് നടന്നതെന്നും ലിബി വ്യക്തമാക്കി.
'സുരക്ഷ നല്‍കാമെന്ന് പറഞ്ഞാണ് പൊലീസ് ഇത്രയധികം സമയം നിര്‍ത്തിയത്. എന്നിട്ട് ഇപ്പോള്‍ അതിന് സാധ്യമല്ലെന്ന് അറിയിച്ചിരിക്കുകയാണ്. വിധി നടപ്പിലാക്കുന്നതില്‍ സര്‍ക്കാരും പൊലീസും പരാജയപ്പെട്ടു. എന്‍റെ വീടിന് നേരെയും ആക്രമണം അഴിച്ചുവിടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. വീട്ടുകാരൊക്കെ പേടിച്ചിരിക്കുകയാണ്. എനിക്ക് തനിയെ വീട്ടിലേക്ക് മടങ്ങിപ്പോകണം. ഒരു സുരക്ഷയും ഉണ്ടാകില്ല. മാത്രമല്ല സ്ത്രീകള്‍ക്കെതിരായ ലിംഗവിവേചനത്തിനെതിരെ സ്ത്രീകള്‍ തന്നെ തെരുവിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയെന്ന് പറയുന്നത് ലോകത്ത് മറ്റൊരിടത്തും നടന്നുകാണില്ല. അതില്‍ വലിയ വിഷമമുണ്ട്'- ലിബി പറയുന്നു.