തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിവാദങ്ങള്‍ക്കിടയിലും എല്‍ഡിഎഫ് മുന്നേറ്റം

Published : Oct 12, 2018, 12:56 PM ISTUpdated : Oct 12, 2018, 01:23 PM IST
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: വിവാദങ്ങള്‍ക്കിടയിലും എല്‍ഡിഎഫ് മുന്നേറ്റം

Synopsis

ആകെ മത്സരം നടന്ന 20ല്‍ 13 സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയം കണ്ടപ്പോള്‍ ആറിടത്ത് യുഡിഎഫ് ജയിച്ചു. ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു

തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ‍ല്‍ഡിഎഫിന് മുന്നേറ്റം. ആകെ മത്സരം നടന്ന 20ല്‍ 13 സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയം കണ്ടപ്പോള്‍ ആറിടത്ത് യുഡിഎഫ് ജയിച്ചു. ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു.

തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടില്‍ എല്‍ഡിഎഫിന്‍റെ ആര്‍. പുഷ്പനാണ് വിജയിച്ചത്. അതേസമയം, നാവായിക്കുളത്ത് യുഡ‍ിഎഫിന്‍റെ സിറ്റംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി കരുത്ത് കാട്ടി. 24 വോട്ടിനാണ് ബിജെപിയുടെ വിജയം.

കൊല്ലം ശാസ്താംകോട്ടയില്‍ ഭരണിക്കാവ് ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ ബിന്ദു കൃഷ്ണന്‍ 199 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉമ്മനൂര്‍ കമ്പംകോട് 11-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വിജയം. എന്നാല്‍, ശൂരനാട് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ശശീന്ദ്രന്‍ പിള്ളയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു.

ഇടുക്കിയിലും മൂന്നില്‍ രണ്ടിടത്തും എല്‍ഡിഎഫിനാണ് വിജയം. വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാര്‍ഡില്‍ പി.സി. സുഗന്ധി വിജയം നേടിയപ്പോള്‍ വണ്ടന്‍മേടിലെ വെള്ളിമല വാര്‍ഡില്‍ ഇടത് സ്വതന്ത്രന്‍ അജോ വര്‍ഗീസ് 20 വോട്ടിന് വിജയിച്ചു. എന്നാല്‍, നെടുങ്കണ്ടം കിഴക്ക് വാര്‍ഡില്‍ യുഡിഎഫിലെ ബിന്ദു നെടുംപാറയ്ക്കലിനാണ് വിജയം. 

തൃശൂരില്‍ കയ്പമംഗലത്തെ തായ്നഗര്‍ വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി. ഇവിടെ യുഡിഎഫിനായി മത്സരിച്ച ജാന്‍സി 65 വോട്ടിന് വിജയിച്ചു.

എറണാകുളം പോത്താനിക്കാട് തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ ഗീത ശശികുമാര്‍ 28 വോട്ടിന് ജയിച്ചു. മഴുവന്നൂരിലെ ചീനിക്കുഴി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

മലപ്പുറം താനൂര്‍ ബ്ലോക്കിലെ തൂവ്വക്കാട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി. അഷറഫിനാണ് വിജയം. പാലക്കാട് കിഴക്കഞ്ചേരി പഞ്ചായത്ത് ഇണ്ടളംകാവിലെ 21-ാം വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി എന്‍. രാമകൃഷ്ണനാണ് വിജയം. തിരുവേഗപ്പുറ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ യുഡിഎഫിന്‍റെ കെ. ബദ്ദറുദ്ദീനും വിജയം കണ്ടു.

കോഴിക്കോട് ആയഞ്ചേരിയില്‍ പൊയില്‍പ്പാറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനിത മലയിലിന്‍റെ വിജയം 226 വോട്ടിനാണ്. കണ്ണൂര്‍ മാങ്ങാട്ടിടത്തെ കെെതേരി 12-ാം മെെലും എല്‍ഡിഎഫിനൊപ്പം നിന്നു. എടക്കാട് ബ്ലോക്കിലെ കൊളച്ചേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് ഇടത് മുന്നണി പിടിച്ചെടുത്തു.

കണ്ണപുരത്തെ കയറ്റീല്‍ വാര്‍ഡില്‍ സിപിഎമ്മിന്‍റെ പി.വി. ദാമോദരനും വിജയിച്ചു. തലശേരി നഗരസഭയിലെ ആറാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി കെ.എന്‍. അനീഷ് 475 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെര്‍ളി കൃഷ്ണനും വിജയം നേടിയെടുത്തു. ശബരിമല, ബ്രൂവറി വിവാദങ്ങള്‍ സംസ്ഥാനത്ത് കത്തിപ്പടരുന്നതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പ് സിപിഎമ്മിനും എല്‍ഡിഎഫിനും ഏറെ നിര്‍ണായകമായിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ മേല്‍ക്കെെ നേടാന്‍ സാധിച്ചതോടെ വലിയ ആത്മവിശ്വാസമാണ് ഇടത് മുന്നണിക്ക് ലഭിച്ചിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ളയില്‍ ഇഡി അന്വേഷണത്തിനുള്ള നടപടികള്‍ തുടങ്ങി, ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി ഡയറക്ടറേറ്റിന് കത്തയച്ചു
നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട