ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്‍റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

ദില്ലി: ഇന്ത്യയുടെ വേഗത്തിലുള്ള പുരോഗതി രേഖപ്പെടുത്തിയ വർഷമാണ് കഴിഞ്ഞുപോയതെന്നും വികസനത്തിന്‍റെ അടുത്ത ഘട്ടമാണ് വരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ. വികസനത്തിന്‍റെ ദിശ രാഷ്ട്രപതി പ്രസംഗത്തിൽ കാണിച്ചു.രാജ്യത്തിന് ഇനി പിന്നോട്ട് പോകാനാവില്ലെന്നും മോദി പറഞ്ഞു. ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും മോദി പറഞ്ഞു. മോദിയുടെ പ്രസംഗം ആരംഭിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. മോദി പ്രസംഗിക്കാനായി എത്തിയപ്പോള്‍ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. രാജ്യസഭയിലെ പ്രതിപക്ഷ നേതാ് മല്ലികാര്‍ജുൻ ഖര്‍ഗെ എഴന്നേറ്റപ്പോള്‍ അനുവദിക്കാനാകില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ഏകാധിപത്യം സഭയിൽ അനുവദിക്കില്ലെന്നും പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താൻ അനുവദിക്കില്ലെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. നെഹ്റുവിനെ അപമാനിക്കുന്നത് അനുവദിക്കില്ലെന്നും മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ഖര്‍ഗെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് മോദി പരിഹസിച്ചു. ഖര്‍ഗെ ഇരുന്ന് പ്രതിഷേധിച്ചാലും മതിയാകുമെന്നും യുവാക്കള്‍ ഒരുപാടുണ്ടല്ലോയെന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കാൻ അനുവദിക്കണമെന്നും പ്രതിപക്ഷ ശബ്ദം ഉയര്‍ത്താൻ അനുവദിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. മോദി മോദി എന്ന് വിളിച്ചുകൊണ്ടാണ് ഭരണപക്ഷം മോദിയെ വരവേറ്റത്.

സാമ്പത്തിക രംഗത്ത് വലിയ വികസനം കൈവരിച്ചുവെന്നും വിലക്കയറ്റം പിടിച്ചു നിർത്തിയെന്നും മോദി പറഞ്ഞു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ കുതിക്കുകയാണ്. എല്ലാ മേഖലകളിലും ഇന്ത്യ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ്. ലോകം കോവിഡിനുശേഷം പുതിയക്രമത്തിലാണ് പോകുന്നത്. ലോകം ഇന്ത്യയുടെ പക്ഷത്തേക്ക് തിരിയുകയാണ്. ഇത് സന്തോഷമുള്ള കാര്യമാണ്. ഒമ്പത് വലിയ രാജ്യങ്ങളുമായി വ്യാപാര കരാർ ഉണ്ടാക്കി. ചിലർ സഭയിൽ നിന്നും ഇറങ്ങിപ്പോയി. അവർ എന്നെങ്കിലും മറുപടി നൽകേണ്ടിവരും.

അമേരിക്കയുമായുള്ള കരാറും യൂറോപ്യൻ യൂണിയനുമായുള്ള കരാറും പരാമര്‍ശിച്ച് മോദി

രാജ്യസഭയിലെ പ്രസംഗത്തിൽ അമേരിക്കയുമായുള്ള കരാറും യൂറോപ്യൻ യൂണിയനുമായുള്ള കരാറും മോദി പരാമര്‍ശിച്ചു. നമ്മുടെ രാജ്യത്തോട് ആരും ഡീലിന് തയാറാകാത്ത സാഹചര്യം ഉണ്ടായിരുന്നു. വികസിത രാജ്യങ്ങൾ വികസിക്കുന്ന രാജ്യത്തോട് കരാറൊപ്പിടുന്നത് വലിയ കാര്യമാണ്. ഗുജറാത്തിൽ വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റ് സംഘടിപ്പിച്ചു. അന്ന് ജപ്പാനായിരുന്നു പങ്കാളി. ചെങ്കോട്ടയിലെ കോൺ​ഗ്രസ് പ്രധാനന്ത്രിമാരുടെ പ്രസം​ഗം പരിശോധിച്ചാൽ എന്തുകൊണ്ട് രാജ്യം ഈ അവസ്ഥയിലായെന്ന് വ്യക്തമാകും. നേരത്തെയുള്ള ഭരണകാലത്തെ മോശം പ്രതിച്ഛായ ഇപ്പോഴും വെല്ലുവിളിയാണ്. അത് മാറ്റാൻ പ്രയത്നിക്കുകയാണ്. ഇന്ത്യ ലോകത്തോട് മത്സരിക്കാൻ പൂർണമായും തയാറാണ്.അമേരിക്കയുമായുള്ള കരാറിനുശേഷം കൂടുതൽ വിശ്വാസ്യതയുണ്ടായി.

മുൻ കരസേന മേധാവി ജനറൽ എം.എം. നരവനേയുടെ പുസ്തകം ഉന്നയിക്കാൻ രാഹുൽ ​ഗാന്ധിയെ അനുവദിക്കാത്തതിനെ ചൊല്ലിയുള്ള ബ​ഹളം കാരണം ലോക്സഭ ഇന്നും സ്തംഭിച്ചിരുന്നു. ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭ ബഹളത്തിനിടെ പാസാക്കി. ഇതിനുപിന്നാലെയാണ് രാജ്യസഭയിൽ പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തുന്നത്. രാഹുൽ ​ഗാന്ധിയെ ജെ.പി. നദ്ദ ബോധമില്ലാത്ത ബാലൻ എന്ന് വിളിച്ചത് രാജ്യസഭയിൽ ബഹളത്തിനിടയാക്കി.

ചർച്ചയും പ്രധാനമന്ത്രിയുടെ മറുപടിയും ഇല്ലാതെ രാഷ്ട്രപതിയുടെ പ്രസം​ഗത്തിനുള്ള നന്ദിപ്രമേയം ലോക്സഭയിൽ പാസാക്കുന്നത് അസാധാരണമാണ്. പ്രമേയം അവതരിപ്പിച്ച് ബിജെപി നേതാക്കളായ സർബാനന്ദ സോനോവാൾ, തേജസ്വി സൂര്യ എന്നിവർ സംസാരിച്ചു കഴിഞ്ഞാണ് രാഹുൽ ​ഗാന്ധി ജന എംഎം നരവനേയുടെ പുസ്തകം ഉന്നയിക്കാൻ ശ്രമിച്ചത്. ഇത് സർക്കാർ തടഞ്ഞതിന് ശേഷമുള്ള രാഷ്ട്രീയ തർക്കം അതേപടി തുടരുകയാണ്. ഇന്നും ലോക്സഭയിൽ നരവനേയുടെ പുസ്തകവും സറണ്ടർ മോദിയെന്നെഴുതിയ പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം ബഹളം വച്ചു. രാഹുൽ ​ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിനെതിരെ രാജ്യസഭയിലും പ്രതിപക്ഷം ഇന്ന് ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

YouTube video player