എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി; മൃതദേഹം നാളെ സംസ്കരിക്കും

By Web TeamFirst Published Nov 21, 2018, 7:20 PM IST
Highlights

കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്. ഉച്ചയോടെ ചെന്നൈയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഏറ്റുവാങ്ങി. 

ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം നാളെ രാവിലെ 10 ന് കൊച്ചി കലൂരിലെ തോട്ടത്തു പടി പള്ളി ഖബറിസ്ഥാനില്‍ നടക്കും. കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്കിയക്കു ശേഷമുണ്ടായ അണുബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന എം ഐ ഷാനവാസ് പുലര്‍ച്ചെ ഒന്നേ മുക്കാലോടെയാണ് മരിച്ചത്.

ഉച്ചയോടെ ചെന്നൈയില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഷാനവാസിന്‍റെ കര്‍മ്മ മണ്ഡലമായിരുന്ന എറണാകുളത്തേക്ക് കൊണ്ടു പോയി. നോര്‍ത്തിലെ വസതിയില്‍ മൃതദേഹം അല്‍പ്പ നേരം വെച്ച ശേഷം പൊതു ദര്‍ശനത്തിനായി എറണാകുളം ടൗണ്‍ ഹാളില്‍ എത്തിച്ചു. എകെ ആന്‍റണിയടക്കം മുതിര്‍ന്ന നേതാക്കള്‍ ഷാനവാസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു 

2009 ലും 2014 ലും വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും ജയിച്ചു കയറിയ എംഐ ഷാനവാസ് സംസ്ഥാന കോണ്ഗ്രസിലെ മികച്ച സംഘാടകനായിരുന്നു. കെഎസ്‍യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ ഷാനവാസ് കോണ്‍ഗ്രസിലെ കലുഷിതമായ ഗ്രൂപ്പ് യുദ്ധ കാല ഘട്ടങ്ങളിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന. സഹപ്രവര്‍ത്തകര്‍ ഷാജിയെന്ന് സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഷാനവാസിനെ എന്നും കോണ്‍ഗ്രസിലെ അടിയൊഴുക്കുകളെ നിയന്ത്രിച്ചിരുന്ന തന്ത്രശാലിയായണ് രാഷ്ട്രീയ കേരളം കണ്ടത്. 

ഐ ഗ്രൂപ്പിനൊപ്പമായിരുന്ന ഷാനവാസ് കെ മുരളീധരന്‍റെ രാഷട്രീയ ഉദയത്തെ ചോദ്യം ചെയ്ത് രൂപം കൊണ്ട തിരുത്തല്‍വാദി സംഘത്തിലെ പ്രധാനിയായിരുന്നു. രമേശ് ചെന്നിത്തലക്കും ജി കാര്‍ത്തികേയനുമൊപ്പം കോണ്‍ഗ്രസിലെ തിരുത്തല്‍വാദ ശബ്ദമായിരുന്ന ഷാനവാസ് പതിറ്റാണ്ടുകളോളം കെപിപിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി നിലപാടുകളെ ന്യായീകരിച്ചും വിമര്‍ശനങ്ങളെ പ്രതിരോധിച്ചും എംഐ ഷാനവാസ് അവസാന നാളുകള്‍ വരെ പൊതു രംഗത്ത് സജീവമായിരുന്നു. മികച്ച പാര്‍ലമെന്‍റേറിയന്‍ എന്ന നിലയിലും ദേശീയ തലത്തിലും എംഐ ഷാനവാസ് ശ്രദ്ധേയനായിരുന്നു. നാളെ രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളിയില്‍ സംസ്ഥാന ബഹുമതികളോടെ സംസ്കാരം നടക്കും 

click me!