ആചാരങ്ങളല്ല വെടിക്കെട്ടുകള്‍ക്ക് പിന്നില്‍ പടക്കനിര്‍മ്മാണ ലോബിയെന്ന് എം മുകുന്ദന്‍

By Web DeskFirst Published Apr 14, 2016, 5:02 AM IST
Highlights

കേരളത്തില്‍ ഉത്സവങ്ങളോടനുബന്ധിച്ചുള്ള വെടിക്കെട്ട് നിരോധിക്കണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍. ആചാരങ്ങളല്ല പടക്കനിര്‍മ്മാതാക്കളുടെ ലോബിയാണ് വെടിക്കെട്ടുകള്‍ക്ക് പിന്നില്‍. കച്ചവടത്തിനപ്പുറം വെടിക്കെട്ടുകള്‍ക്ക് മറ്റ് പ്രാധാന്യമൊന്നുമില്ലെന്നും മുകുന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആസ്വാദ്യകരമായ മേളങ്ങളുള്ളപ്പോള്‍ എന്തിനാണ് കാതടപ്പിക്കുന്ന വെടിക്കെട്ടെന്നാണ് പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ ചോദിക്കുന്നത്. പ്രകൃതിയേയും അതിലെ ജീവജാലങ്ങളേയും നശിപ്പിക്കുന്ന വെടിക്കെട്ട് ആചാരങ്ങളുടെ ഭാഗമല്ല മറിച്ച് കച്ചവടത്തിന്റെ മാത്രം ഭാഗമാണെന്നും മുകുന്ദന്‍ പറയുന്നു. ഉത്സവങ്ങള്‍ക്ക് ആനകളെ നിരത്തി മേനി നടിക്കുന്നവര്‍ അവ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കാണണം. ജീവികളെ നരകിപ്പിച്ച് ഉത്സവങ്ങള്‍ കൊണ്ടാടണമെന്ന് ഒരു ദൈവവും ആഗ്രഹിക്കില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കുറച്ച് ദിവസം ചര്‍ച്ചകള്‍ നടക്കുമെങ്കിലും പിന്നീട് ഉത്തരവാദികളായവര്‍ രക്ഷപ്പെടുന്ന പ്രവണതയാണ് കേരളത്തിലുള്ളതെന്നും പരവൂര്‍ അപകടത്തിലെങ്കിലും ഇത്തരത്തില്‍ സംഭവിക്കാതിരിക്കട്ടെയെന്നും എം മുകുന്ദന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
 

click me!