അടുത്ത വാ​ഗ്ദാനവും നടപ്പിലാക്കി കോൺ​ഗ്രസ്; മധ്യപ്രദേശിൽ പൊലീസിന് വീക്കിലി ഓഫ് അനുവദിച്ചു

By Web TeamFirst Published Jan 4, 2019, 3:05 PM IST
Highlights

മുപ്പത്തിയെട്ട് വർഷത്തിന് ശേഷമാണ് സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകുന്നത്. 

ഭോപ്പാൽ: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ നൽകിയ അടുത്ത വാഗ്ദാനവും നിറവേറ്റി കോൺഗ്രസ്. മധ്യപ്രദേശ് പൊലീസ് സേനയിലെ എല്ലാ അംഗങ്ങൾക്കും ആഴ്ചയിൽ ഒരു ദിവസം അവധി അനുവദിച്ചു. ചൊവ്വാഴ്ചയാണ് ഡി ജി പി ഋഷി കുമാര്‍ ശുക്ല അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ചത്.

മുപ്പത്തിയെട്ട് വർഷത്തിന് ശേഷമാണ് സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം അവധി നൽകുന്നത്. നിലവിൽ ആര്‍ജിത അവധി, ആനുവല്‍ ലീവ്, സിക്ക് ലീവ്, കാഷ്വല്‍ ലീവ്, എന്നീ അവധികൾക്ക് മാത്രമേ പൊലീസുകാർക്ക് അർഹത ഉണ്ടായിരുന്നുള്ളു. അതേസമയം തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ പൊലീസുകാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്ന് മുഖ്യമന്ത്രി കമൽ നാഥ് ട്വീറ്റ് ചെയ്തു. പൊലീസുകാർക്ക് വീക്കിലി ഓഫ് അനുവദിക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

ആദ്യമായി വീക്കിലി ഓഫ് കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും. പലരും തങ്ങളുടെ കൂടുംബത്തോടൊപ്പം വിനോദയാത്രക്കുപോയാണ് ആഘോഷിച്ചത്. രാവിലെ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞാൽ പലപ്പോഴും നേരത്തെ വീട്ടിൽ എത്താൻ സാധിക്കാറില്ലെന്നും ചിലപ്പോൾ അർദ്ധരാത്രിക്കാണ് വീട്ടിൽ ചെന്നുകയറുന്നതെന്നും എ എസ് ഐ രാകേഷ് ശർമ്മ പറഞ്ഞു.
 

click me!