
ചണ്ഡീഗഡ്: രാജ്യത്തിന് നാണക്കേടായി വീണ്ടും പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം. ഹരിയാനയിലെ പല്‍വാളിലാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍കൂട്ടം യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നത്. രാജ്യ തലസ്ഥാനത്ത് നിന്നും കേവലം 80 കിലോമീറ്റര്‍ അകലെയാണ് അരുകൊല അരങ്ങേറിയത്.
ബന്ധുക്കളായ മൂന്നുപേരുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ പശുവിനെ കാണാതായെന്നും അത് കൊല്ലപ്പെട്ട യുവാവ് മോഷ്ടിച്ചതാണെന്നും ആരോപിച്ചായിരുന്നു ക്രൂര മര്‍ദ്ദനം അരങ്ങേറിയത്. ഇവര്‍ക്കൊപ്പം നാട്ടുകാരും യുവാവിനെ തല്ലിച്ചതയ്ക്കാന്‍ കൂടിയതായി റിപ്പോര്‍ട്ടുകളുണ്ട്.
25 വയസ്സുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് രാജസ്ഥാനില്‍ പശുക്കടത്തിന്‍റെ പേരില്‍ അക്ബര്‍ ഖാനെന്ന 28 കാരനെ തല്ലിക്കൊന്നിരുന്നു. പശുവിന്‍റെ പേരിലുള്ള കൊലപാതകങ്ങള്‍ക്കെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയിട്ടും അക്രമപരമ്പരകള്‍ക്ക് രാജ്യത്ത് ഒരു കുറവും ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam