ചന്ദ്രബാബു നായിഡുവിന്‍റെ നിരാഹാരസമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു

By Web TeamFirst Published Feb 11, 2019, 9:37 PM IST
Highlights

ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു

ദില്ലി: ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന സമരത്തില്‍ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു.  ആന്ധ്രയിലെ കിന്ദലി ഗ്രാമത്തിലെ ധവാല അര്‍ജ്ജുന്‍ റാവോ എന്നയാളാണ് ആത്മഹത്യ ചെയ്തത്. ദില്ലിയിലെ ആന്ധ്രാ ഭവന് പുറത്തുവച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.  

ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. വീല്‍ചെയറിലായിരുന്നു മൃതദേഹം. ആത്മഹത്യാകുറിപ്പ് സംഭവസ്ഥലത്ത് വച്ച് പൊലീസ് കണ്ടെടുത്തു.  സാമ്പത്തിക പ്രതിസന്ധിയാണ് ജീവിതമവസാനിപ്പിക്കുന്നതിന് കാരണമെന്ന് രണ്ട് പേജുള്ള ആത്മഹത്യാകുറിപ്പിലുണ്ട്.  ആന്ധ്രയിലുള്ള ബന്ധുക്കള്‍ ദില്ലിയിലേക്ക് എത്തിയതിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.

ആന്ധ്രയ്ക്ക് പ്രത്യേകപദവി ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ദില്ലിയിലെ ആന്ധ്രാഭവന് മുന്നിൽ നിരാഹാരസമരം നടത്തിയത്. 2014- തെലങ്കാന, ആന്ധ്ര എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളായി ആന്ധ്രാപ്രദേശിനെ വിഭജിച്ചപ്പോൾ കേന്ദ്രസർക്കാർ നൽകിയ വാഗ്ദാ‍നങ്ങളൊന്നും പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സമരം. 'ധർമ പോരാട്ട ദീക്ഷ' എന്നാണ് സമരത്തിന് നായിഡു നൽകിയിരിക്കുന്ന പേര്. 


 

click me!