മണിക് സര്‍ക്കാരിന് നേരെയും ആക്രമണം; വാഹനം അടിച്ചുതകര്‍ത്തു; നടപടി വേണമെന്ന് പിണറായി

By Web TeamFirst Published Nov 17, 2018, 8:52 AM IST
Highlights

രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അവസാനിച്ചത്. ബിജെപി ജയിച്ചതോടെ സംസ്ഥാന വ്യാപകമായി സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് മണിക് സര്‍ക്കാരിനെതിരായ ആക്രമണമെന്നാണ് സിപിഎം പറയുന്നത്

അഗര്‍ത്തല: ത്രിപുര മുന്‍ മുഖ്യമന്ത്രിയും സി പി എം പൊളിറ്റ് ബ്യൂറോ അംഗവുമായി മണിക്ക് സര്‍ക്കാരിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെ രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് ആക്രമണമുണ്ടായത്. പാര്‍ട്ടി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പങ്കെടുത്ത് തലസ്ഥാനത്തേക്ക് മടങ്ങവെയാണ് ആക്രമണം ഉണ്ടായത്. അക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി പി എം ആരോപിച്ചു.

മണിക് സര്‍ക്കാരിനൊപ്പം മുന്‍ മന്ത്രിമാരായ ഭാനുലാല്‍ ഷാ, ഷാഹിദ് ചൗധരി എന്നിവരും എംഎല്‍എമാരായ ശ്യാമല്‍ ചക്രബര്‍ത്തി, നാരായണ്‍ ചൗധരി എന്നിവരും ഉണ്ടായിരുന്നു. അക്രമികള്‍ വാഹനം അടിച്ചു തകര്‍ത്തു. ഇവിടുത്തെ പാര്‍ട്ടി ഓഫീസില്‍ മണിക് സര്‍ക്കാരിനെയും സംഘത്തെയും മണിക്കൂറുകളോളം തടഞ്ഞുവച്ചു. ഒടുവില്‍ പൊലീസെത്തിയാണ് നേതാക്കളെ രക്ഷപ്പെടുത്തിയത്.

രണ്ടര പതിറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് അവസാനിച്ചത്. ബിജെപി ജയിച്ചതോടെ സംസ്ഥാന വ്യാപകമായി സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് മണിക് സര്‍ക്കാരിനെതിരായ ആക്രമണമെന്നാണ് സിപിഎം പറയുന്നത്.

അതേസമയം ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്ന് വ്യക്തമാക്കിയ പിണറായി അക്രമികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.

click me!