മൺവിളയിലെ തീപിടുത്തം: ഫയർ ഫോഴ്സിനെ അറിയിക്കാന്‍ വൈകിയെന്ന് വിമര്‍ശനം

By Web TeamFirst Published Nov 1, 2018, 1:44 PM IST
Highlights

മതിയായ അഗ്നിശമന സംവിധാനങ്ങളില്ലാതിരുന്നതാണ് തീപ്പിടുത്തിന്‍റെ വ്യാപ്തി കൂട്ടിയത്. ഇക്കഴിഞ്ഞ 29നുണ്ടായ തീപ്പിടുത്തത്തിനു ശേഷം യൂണിറ്റില്‍ വേണ്ടത്ര അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഫാമിലി പ്ളാസ്റ്റിക്സ് അധികൃതര്‍ പറഞ്ഞു. 

മണ്‍വിള: മതിയായ അഗ്നിശമന സംവിധാനങ്ങളില്ലാതിരുന്നതാണ് തീപ്പിടുത്തിന്‍റെ വ്യാപ്തി കൂട്ടിയത്. ഇക്കഴിഞ്ഞ 29നുണ്ടായ തീപ്പിടുത്തത്തിനു ശേഷം യൂണിറ്റില്‍ വേണ്ടത്ര അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഫാമിലി പ്ളാസ്റ്റിക്സ് അധികൃതര്‍ പറഞ്ഞു. അപകടം യഥാസമയം ഫയര്‍ഫോഴ്സിനെ അറിയിച്ചില്ലെന്നും വിമര്‍ശനമുണ്ട്.

മണ്‍വിള വ്യവസായ പാര്‍ക്കില്‍ നിന്ന് ഏറ്റവുമടുത്ത് ഫയര്‍ഫോഴ്സ് യൂണിറ്റുളളത് കഴക്കൂട്ടത്താണ്. അഞ്ചു മിനിറ്റ് നേരം നേരം കൊണ്ട് ഫയര്‍ഫോഴ്സിന് ഇവിടെ എത്താനാകുമെങ്കിലും തീപടര്‍ന്ന് അര മണിക്കൂറിലേറെ കഴിഞ്ഞാണ് ഫയര്‍ഫോഴ്സ് സംഘമെത്തിയത്. വൈകിയാണ് വിവരം അറിഞ്ഞതെന്നും അപ്പോഴേക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത നിലയില്‍ കെട്ടിടത്തെ തീ വിഴുങ്ങിയിരുന്നെന്നും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നു.

എന്നാല്‍ ഗോഡൗണില്‍ നിന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ തന്നെ ഫയര്‍ഫോഴ്സിനെ അറിയിച്ചിരുന്നെന്നാണ് കമ്പനി അധികൃതരുടെ വാദം. നിമിഷങ്ങള്‍ക്കുളളില്‍ തീ കെട്ടിടം ആകെ പടരുകയായിരുന്നു. ഇക്കഴിഞ്ഞ 29ന് ഇതേ കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടാവുകയും സ്ഥാപനത്തിലെ അഗ്നിശമനാ ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ കെടുത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം തീയണയ്ക്കാനുളള ഇന്ധനം സംഭരിക്കാന്‍ കഴിഞ്ഞില്ലെന്നും മാനേജ്മെന്‍റ് പറയുന്നു.

ഉല്‍പ്പന്നങ്ങളും ഗ്യാസ് സിലിണ്ടറുകളും ഒരേ കെട്ടിടത്തിലെ വിവിധ നിലകളിലായി സൂക്ഷിച്ചതും അപകടത്തിന്‍റെ തീവ്രത വര്‍ദ്ധിപ്പിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എല്ലാ വ്യവസായ യൂണിറ്റുകളിലെയും അഗ്നിശമന സംവിധാനങ്ങളെക്കുറിച്ച് പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
 

click me!