തിരുവനന്തപുരത്ത് ലീഗ് നേതാവിനെ പൊലീസ് പൊതുമധ്യത്തില്‍ വിവസ്ത്രനാക്കി നടത്തി

By Web TeamFirst Published Nov 1, 2018, 1:41 PM IST
Highlights

വീട്ടില്‍ നിന്ന് ഇറക്കി 400 മീറ്ററോളം തന്നെ മുണ്ടില്ലാതെ നടത്തുകയായിരുന്നു. സ്ഥലത്തെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ മുന്നിലൂടെയാണ് കൊണ്ട് പോയത്

തിരുവനന്തപുരം: മുസ്‍ലിം ലീഗ് ജില്ലാ നേതാവിനെ പൊതു മധ്യത്തിലൂടെ പട്ടാപകല്‍ വിവസ്ത്രനാക്കി നടത്തിയതായി പരാതി. തിരുവനന്തപുരം മുസ്‍ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ഷിബു കല്ലറയെയാണ് മുണ്ടില്ലാതെ നടത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിക്കുകയാണ്.

പാങ്ങോട് എസ്ഐ നിയാസിന്‍റെ പേരിലാണ് പരാതി. ഡിജിപി അടക്കമുള്ളവര്‍ക്ക് സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതായും പൊലീസ് കംപ്ലയന്‍റ്സ് അതോറിറ്റിയെ ഇന്ന് സമീപിക്കുമെന്നും ഷിബു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് പരാതിക്കാരന്‍റെ വിശദീകരണം

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. തന്‍റെ അച്ഛന്‍റെ സഹോദരന്‍റെ വീട്ടിലെത്തി പൊലീസ് തന്നെ അറസ്റ്റ് ചെയ്തു. അപ്പോള്‍ ഏകദേശം പതിനൊന്നര ആയി കാണും.  വീട്ടില്‍ നിന്ന് ഇറക്കി 400 മീറ്ററോളം തന്നെ മുണ്ടില്ലാതെ നടത്തുകയായിരുന്നു.

സ്ഥലത്തെ വിവാഹം നടക്കുന്ന ഓഡിറ്റോറിയത്തിന്‍റെ മുന്നിലൂടെയാണ് കൊണ്ട് പോയത്. സ്റ്റേഷനിലെത്തിച്ച ശേഷവും തനിക്ക് ഉടുക്കാന്‍ മുണ്ട് നല്‍കിയില്ല. പിന്നീട് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. പിറ്റേന്ന് ജാമ്യം എടുക്കാന്‍ പറഞ്ഞ് മജിസ്ട്രേറ്റ് വിട്ടയ്ക്കുകയായിരുന്നുവെന്ന് ഷിബു പറഞ്ഞു.

''ഒരു റോഡ് ഷോ നടത്തിക്കളയാം''

മുണ്ടില്ലാതെ തന്നെ റോഡിലൂടെ നടത്തുന്നതിനിടയില്‍ ഒരു റോഡ് ഷോ നടത്തി കളയാം എന്നാണ് പാങ്ങോട് എസ്ഐ തന്നോട് പറഞ്ഞത്. ഏറെ നാളായി തന്നോടുള്ള വ്യക്തി വെെരാഗ്യം മൂലം എസ്ഐ നിയാസ് കുടുക്കാന്‍ നോക്കുകയാണ്.

ജൂലെെയില്‍ നടന്ന ഒരു സാമ്പത്തിക ഇടപാട് കേസിലെ സംഭവ വികാസങ്ങളാണ് എസ്ഐക്ക് തന്നോട് ദേഷ്യമുണ്ടാവാന്‍ കാരണം. അന്ന് ഷാജഹാന്‍ എന്ന സഹപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത എസ്ഐ അയാളെ വിവസ്ത്രനാക്കി ലോക്കപ്പില്‍ നിര്‍ത്തി.

അതിനെതിരെ ഡിപ്പാര്‍ട്ട്മെന്‍റ് തലത്തില്‍ പരാതിയുമായി മുന്നോട്ട് പോയി. അതോടെ തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്നും വീട്ടിലെത്തി അതിക്രമം നടത്തിയെന്നും ഷിബു പറഞ്ഞു. ആ കേസ് ഇപ്പോള്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

തന്‍റെ പേരില്‍ വാറണ്ട് വന്നത് അറിയിക്കാതെ അറസ്റ്റ് ചെയ്യാനുള്ള വഴി നോക്കുകയാണ് പൊലീസ് ചെയ്തത്. കുടുംബത്തെ മുഴുവന്‍ സമൂഹത്തില്‍ മാനം കെടുത്തുകയാണെന്നും ഷിബു ആരോപിച്ചു. 

പൊലീസിന്‍റെ വിശദീകരണം

പുനലൂര്‍ കോടതിയുടെ വാറണ്ട് അനുസരിച്ച് ചെക്ക് കേസിലെ പ്രതിയായ ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കല്ലറയിലുള്ള ബാറിന്‍റെ അവിടെ വച്ചാണ് പിടികൂടിയത്. പൊലീസിനെ കണ്ടതോടെ ഇയാള്‍ ഓടിരക്ഷപെടാന്‍ നോക്കി.

പിന്നീട് പിടികൂടിയപ്പോള്‍ നിക്കര്‍ മാത്രമാണ് ധരിച്ചിരുന്നത്. അതിന് ശേഷം പുതിയ മുണ്ടും ആഹാരവുമെല്ലാം പൊലീസാണ് വാങ്ങി നല്‍കിയതെന്നും പാങ്ങോട് എസ്ഐ നിയാസ് ഏഷ്യാനെറ്റ്ന്യൂസ് ഓണ്‍ലെെനിനോട് പറഞ്ഞു. 

click me!