
ദില്ലി: ഭരണത്തിലെത്തി നാലുവര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യത്തിനായി ചിലവിട്ടത് 5000 കോടി രൂപ. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്ന പത്തുവര്‍ഷത്തില്‍ പരസ്യത്തിനായി ചിലവിട്ട തുകയ്ക്ക് തുല്യമാണ് ഈ തുകയെന്നാണ് റിപ്പോര്‍ട്ട്. വിവരാവകാശ നിയമമനുസരിച്ച് നല്‍കിയ അപേക്ഷയില്‍ ലഭിച്ചതാണ് വിവരങ്ങള്‍ എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്രേറ്റര്‍ നോയിഡയിലെ തടാകങ്ങള്‍ ശുചിയായി സൂക്ഷിക്കാന്‍ മുന്‍കൈ എടുക്കുന്ന റാംവീര്‍ തന്‍വാറാണ് വിവരാവകാശം ഫയല്‍ ചെയ്തത്. പരിസ്ഥിതി സംരക്ഷണത്തിനായി സര്‍ക്കാര്‍ ചിലവിടുന്ന തുക വളരെ കുറവാണെന്ന് റാംവീര്‍ തന്‍വാര്‍ പറയുന്നു. ദ ലോജിക്കല്‍ ഇന്ത്യന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോടാണ് റാം വീറിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ളതാണ് പരസ്യങ്ങളില്‍ മിക്കവയും. ഇലക്ട്രോണിക മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി മാത്രം ചെലവിട്ടത് 2211.11 കോടി രൂപയാണ്. പത്രമാധ്യമങ്ങളിലെ പരസ്യത്തിനായി ചെലവാക്കിയത് 2136.39 കോടിയും ഹോര്‍ഡിങ്ങുകള്‍ ഉപയോഗിച്ചുള്ള പരസ്യത്തിന് 649.11 കോടി രൂപയുമാണ് ചെലവഴിച്ചിരിക്കുന്നത്. 2018 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ മാത്രം പരസ്യങ്ങള്‍ക്കായി ചെലവിട്ടിരിക്കുന്നത് 54 കോടി രൂപയാണ്.
2014-15 കാലയളവില്‍ പരസ്യത്തിനായി ചെലവിട്ടത് 81.27 കോടി രൂപയാണ്. 2017-18 കാലഘട്ടത്തില്‍ ഇത് 208.54 കോടിയായി ഉയര്‍ന്നു. പത്ത് വര്‍ഷം നീണ്ട യുപിഎ ഭരണത്തില്‍ പരസ്യത്തിനായി ചെലവിട്ട തുക 504 കോടി രൂപയാണ്. അതേസമയം എന്‍ഡിഎ സര്‍ക്കാര്‍ ഓരോ വര്‍ഷവും 1202 കോടി രൂപയാണ് പരസ്യത്തിനായി ചെലവിട്ടിരിക്കുന്നത്.
ചിത്രങ്ങള്‍ക്കും വിവരങ്ങള്‍ക്കും കടപ്പാട് ദ ലോജിക്കല്‍ ഇന്ത്യന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam