
പത്തനംതിട്ട: ജോലി വാദ്ഗാനം ചെയ്ത് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതികളിൽ നിന്ന് പണം തട്ടിയെന്നാരോപിച്ച് സഹകരണ ബാങ്ക് ജീവനക്കാരന്‍റെ വീടിന് മുന്നിൽ സമരവുമായി 20 കുടുംബങ്ങൾ. പത്തനംതിട്ട പന്തളം സ്വദേശിയുടെ വീടിന് മുന്നിലാണ് പണം നഷ്ടപ്പെട്ടവർ കഞ്ഞിവെപ്പ് സമരം ആരംഭിച്ചിരിക്കുന്നത്.
ജില്ലാ ബാങ്ക് അക്കൗണ്ടന്‍റും കോപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്‍റെ ജില്ലാ ജനറൽ സെക്രട്ടറിയുമായ വൈശാഖനെതിരെയാണ് പരാതി. സഹകരണ ബാങ്കിൽ പ്യൂൺ, ടൈപ്പിസ്റ്റ് തുടങ്ങിയ ജോലി വാഗ്ദാനം ചെയ്ത് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 20 ൽ അധികം യുവതികളിൽ നിന്ന് ലക്ഷകണക്കിന് രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
വീടിന്‍റെ ആധാരം വരെ പണയപ്പെടുത്തിയാണ് പലരും പണം നൽകിയത്. ജോലി ലഭിക്കാതെ വന്നതോടെ പൊലീസിൽ പരാതിപ്പെട്ടു. തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് നടപടിയെടുക്കാൻ തയ്യാറായില്ല.ഇതിനിടെ പലർക്കും ബാങ്ക് ജപ്തിനോട്ടീസ് അയച്ചു. ഇതിന് പിന്നാലെയാണ് ഇയാളുടെ വീടിന് മുന്നിൽ കഞ്ഞിവെപ്പ് സമരം തുടങ്ങിയത്. ജില്ലാ പൊലീസ് സൂപ്രണ്ട്, മുഖ്യമന്ത്രി , തുടങ്ങിയവർക്കും പണം നഷ്ടപ്പെട്ടവർ പരാതി നൽകിയിട്ടുണ്ട്. ആരോപണം നേരിടുന്നയാൾ പ്രതികരിക്കാൻ തയ്യാറായില്ല.സമരത്തിന് സിപിഎം പിൻതുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam