
ചെന്നൈ: ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി ടി വി ദിനകരന്‍ വിജയിച്ചതിന് പിന്നാലെ മണ്ഡലത്തിലേത് പണക്കൊഴുപ്പിന്‍റെ വിജയമെന്ന് ഡിഎംകെ. ആര്‍ കെ നഗറില്‍ ഡിഎംകെയുടെ വോട്ടുകള്‍ പണം വിഴുങ്ങി. മണ്ഡലത്തില്‍ ജനാധിപത്യം പരാജയപ്പെട്ടു. വിജയിച്ചത് പണാധിപത്യമാണെന്നും ഡിഎംകെ നേതാവ് ദുരൈ മുരുഗന്‍ ആരോപിച്ചു.
ഉപതെരഞ്ഞെടുപ്പ് വിധി എഐഎഡിഎംകെയെ ബാധിക്കില്ലെന്ന് മന്ത്രി സെല്ലൂര്‍ കെ രാജു പറഞ്ഞു. എഐഎഡിഎംകെ വന്‍ വൃക്ഷമാണ്. ആ മരത്തെ നശിപ്പിക്കാന്‍ ആരും ജനിച്ചിട്ടില്ല. ചില ചില്ലകള്‍ വീണേക്കാം. എന്നാല്‍ മരം വീഴില്ലെന്നും രാജു പറഞ്ഞു.
അതേസമയം ആര്‍ കെ നഗറിലെ ജനങ്ങള്‍ 'അമ്മ'യുടെ പിന്മുറക്കാരെ തെരഞ്ഞെടുത്തുവെന്നും പളനിസ്വാമി സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ തകരുമെന്നും ടി ടി വി ദിനകരന്‍ പറഞ്ഞു. യഥാര്‍ത്ഥ എഐഎഡിഎംകെ തങ്ങളാണെന്നും ദിനകരന്‍ അവകാശപ്പെട്ടു.
ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലാതെയാണ് ടി ടി വി ദിനകരന്‍ ആര്‍ കെ നഗറില്‍ വിജയിച്ചത്. എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്‍ച്ചയുണ്ടാക്കാന്‍ ടിടിവിയ്ക്ക് സാധിച്ചു. അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍ കെ നഗറില്‍ പളനിസ്വാാമി പക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായ മധുസൂധനനെയും ഡിഎംകെ സ്ഥാനാര്‍ത്ഥി മരുത് ഗണേഷിനെയും പരാജയപ്പെടുത്തിയാണ് ദിനകരന്‍റെ വിജയം.
40707 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജലളിതക്ക് ലഭിച്ച ഭൂരിപക്ഷമായ 39545 ദിനകരന്‍ മറികടന്നു. മറ്റ് 57 സ്ഥാനാര്‍ഥികളും ചേര്‍ന്ന് നേടിയതിലും കൂടുതല്‍ വോട്ടുകള്‍ ദിനകരന് ലഭിച്ചു. അതേസമയം എഐഎഡിഎംകെ ഒഴികെ ഡിഎംകെ അടക്കമുള്ളവര്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam