
മീററ്റ്: എഴുപത്തിരണ്ട് വയസ്സുള്ള വൃദ്ധനെ കുരങ്ങൻമാർ ഇഷ്ടിക കഷ്ണങ്ങൾ കൊണ്ട് എറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ മീററ്റിൽ തിക്രി ഗ്രാമത്തിലാണ് സംഭവം. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു ഇദ്ദേഹം. വിറകുകൾ പെറുക്കി കൂട്ടുന്നതിനിടയിലാണ് കുരങ്ങൻമാരുടെ സംഘം വളഞ്ഞത്. ചെറിയ ഇഷ്ടിക കഷ്ണങ്ങൾ കൊണ്ടാണ് ഇവ വൃദ്ധനെ ആക്രമിച്ചത്. തൊട്ടടുത്ത പൊട്ടിപ്പൊളിഞ്ഞ് കിടന്ന കെട്ടിടത്തിനുള്ളിൽ നിന്നാണ് ഇവർ ഓടിന്റെയും ഇഷ്ടികയുടെയും കഷ്ണങ്ങൾ എടുത്ത് കൊണ്ട് വന്നത്.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ വൃദ്ധൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് മരിച്ചത്. കുരങ്ങൻമാരുടെ പേരിൽ മരിച്ച വൃദ്ധന്റെ കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാതിയിൽ എങ്ങനെ നടപടിയെടുക്കുമെന്ന ആശങ്കയിലാണ് പൊലീസ്. അപകടം എന്ന രീതിയിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ അന്വേഷണത്തിൽ തൃപ്തരല്ലെന്ന് കാണിച്ച് കുടുംബാംഗങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്.
ഇരുപതിലധികം ഇഷ്ടികകൾ കൊണ്ടുള്ള ഏറാണ് വൃദ്ധന്റെ തലയിലും നെഞ്ചിലും കാലിലും കൊണ്ടിരിക്കുന്നത്. മരത്തിന്റെ ഏറ്റവും മുകളിൽ കയറിയിരുന്നായിരുന്നു കുരങ്ങൻമാരുടെ ആക്രമണം. കുരങ്ങൻമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മരിച്ച വൃദ്ധന്റെ സഹോദരൻ പറയുന്നു. ഈ പ്രദേശത്ത് കുരങ്ങൻമാരെക്കൊണ്ടുള്ള ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനൊരു പരിഹാരം കണ്ടെത്താൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. കുരങ്ങൻമാരെ എങ്ങനെ ശിക്ഷിക്കും എന്ന് അറിയില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam