മോദിയുടെ വിദേശയാത്രകള്‍ക്ക് ചെലവായത് 2,021 കോടി; മുഴുവന്‍ കണക്കുകളും പുറത്ത്

By Web TeamFirst Published Dec 14, 2018, 3:02 PM IST
Highlights

ഇതുവരെ മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2,021 കോടി രൂപയാണ്. അധികാരമേറ്റെടുത്ത് ആദ്യം നടത്തിയ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു. ആ യാത്ര മുതല്‍ ആകെ 48 വിദേശയാത്രകളാണ് മോദി നടത്തിയത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകളുടെ മുഴുവന്‍ വിശദാംശങ്ങളും വെളിപ്പെടുത്തി കേന്ദ്ര വിദേശകാര്യ മന്ത്രി. കണക്കുകള്‍ കാണിക്കണമെന്ന് രാജ്യസഭയില്‍ സിപിഐ നേതാവ് ബിനോയ് വിശ്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി വി.കെ സിംഗ് കണക്കുകള്‍ വെളിപ്പെടുത്തിയത്. 

ഇതുവരെ മോദിയുടെ വിദേശയാത്രകള്‍ക്കായി ചെലവിട്ടത് 2,021 കോടി രൂപയാണ്. അധികാരമേറ്റെടുത്ത് ആദ്യം നടത്തിയ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു. ഈ യാത്ര മുതല്‍ ആകെ 48 വിദേശയാത്രകളാണ് മോദി നടത്തിയത്. ഇതിനായി വിമാനങ്ങള്‍ക്ക് നല്‍കിയ കൂലി, വിമാനങ്ങളുടെ പരിപാലനച്ചെലവ്, ഹോട്ട്‌ലൈന്‍ സംവിധാനത്തിനുള്ള ചെലവ്- എന്നിങ്ങനെ തരം തിരിച്ചാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 

അധികാരത്തില്‍ കയറി നാലര വര്‍ഷം കഴിയുമ്പോള്‍ ഔദ്യോഗിക യാത്രകള്‍ ഉള്‍പ്പെടെ ആകെ 92 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. ചില രാജ്യങ്ങള്‍ ഒന്നിലധികം തവണ സന്ദര്‍ശിച്ചിട്ടുണ്ട്. ആദ്യവര്‍ഷങ്ങളെ അപേക്ഷിച്ച് തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് യാത്രാച്ചെലവ് വര്‍ധിച്ചിട്ടുള്ളത്. 

കണക്കുകള്‍ ഇങ്ങനെ...

2014ല്‍ വിമാനത്തിന് നല്‍കിയ കൂലിയും പരിപാലനച്ചെലവും മാത്രം കൂട്ടി 314 കോടിയിലധികം രൂപ ചെലവായി. 2015ല്‍ ഇത് 338 കോടി കടന്നു. 2016ല്‍ വീണ്ടും ഉയര്‍ന്ന് 452.95 കോടിയായി. 2017ല്‍ ആയപ്പോള്‍ 441. 09 കോടി. ഈ വര്‍ഷം ഇതുവരെയുള്ള ചെലവ് 465. 89 കോടിയാണ്. 

ഹോട്ട്‌ലൈന്‍ സംവിധാനത്തിനായി 2014-15-16 വര്‍ഷങ്ങളില്‍ 9.12 കോടി രൂപ ചെലവായി. ബാക്കി വര്‍ഷങ്ങളിലെ ബില്ല് ലഭ്യമായിട്ടില്ല.
 

click me!