
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതം മറികടക്കാൻ സർക്കാരിന് ഊർജ്ജം പകരുന്നതാണ് റഫാൽ ഇടപാടിലെ സുപ്രീം കോടതി വിധി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ പ്രധാന ആയുധത്തിന് മൂർച്ച പോകുകയാണ്. രാഹുൽ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ ജെപിസി ആവശ്യത്തിൽ ഉറച്ചു നില്‍ക്കാനാണ് കോൺഗ്രസ് തീരുമാനം.
സുപ്രീം കോടതിയുടെ ഈ വിധി തെരഞ്ഞെടുപ്പിന് മുമ്പ് വന്നിരുന്നെങ്കിൽ എന്ന് ഇപ്പോൾ ബിജെപി കരുതുന്നുണ്ടാകും. ടുജി, കൽക്കരി തുടങ്ങിയ കേസുകളിലെ സുപ്രീം കോടതി ഇടപെടൽ 2014ൽ യുപിഎ സർക്കാർ അധികാരത്തിൽ നിന്ന് പുറത്തു പോകാൻ പ്രധാന കാരണമായിരുന്നു. 2019നു മുമ്പ് നരേന്ദ്ര മോദിക്കെതിരെയുളള കോൺഗ്രസിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ആയുധമാകുമായിരുന്നു റഫാൽ അന്വേഷണം.
മോദിക്കെതിരായ അഴിമതി ആരോപണത്തിൻറെ മൂർച്ച ചോരുകയാണ്. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ ക്രിസ്ത്യൻ മിഷെൽ നല്കുന്ന വിവരങ്ങൾ പുറത്തു വിട്ട് ബിജെപി തിരിച്ചടിക്കും. അഴിമതിയെക്കാൾ ഭരണവീഴ്ചകളിലേക്ക് 2019ലെ പ്രചരണ ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് നിർബന്ധിതരാകും. പാർലമെൻറിൽ തിരിച്ചടിച്ച ബിജെപി കോൺഗ്രസിനെതിരെ ഇരുസഭകളിലും മുദ്രാവാക്യം മുഴക്കി.
ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി അരുൺജയ്റ്റ്ലി പറഞ്ഞു. കെട്ടിപ്പൊക്കിയ കള്ളം പൊളിഞ്ഞു വീണെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിൻറെ വാദം. കോടതിയിൽ പോയത് കോൺഗ്രസ് അല്ലെന്നാണ് പാർട്ടിയുടെ വാദം. സുപ്രീം കോടതിയിൽ നിന്ന് എല്ലാ വിവരങ്ങളും സർക്കാർ മറച്ചു വച്ചെന്നും കോൺഗ്രസ് വാദിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ സിബിഐ ഡയറക്ടറുടെ മുമ്പാകെയുണ്ട്. പാതിരാ അട്ടിമറിയിലുള്ള വിധിയും കോടതി അടുത്തവർഷത്തേക്ക് മാറ്റിയ സ്ഥിതിക്ക് സിബിഐ സ്വയം അന്വേഷണം തുടങ്ങാനുള്ള സാധ്യതയും മങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam