ജനം ടിവിക്കെതിരെ 'ബ്ലാക്ക് ഫെസ്റ്റ്' സംഘടിപ്പിക്കുമെന്ന് എംഎസ്എഫ്

By Web TeamFirst Published Jan 2, 2019, 1:14 PM IST
Highlights

വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ കൊടി ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്നായിരുന്നു 'ജനം ടിവി' റിപ്പോര്‍ട്ട് ചെയ്തത്. സിനിമാതാരമായ സലിംകുമാര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയത്

തിരുവനന്തപുരം: അല്‍ ഖ്വയ്ദ പരാമര്‍ശത്തില്‍ 'ജനം ടിവി' ക്കെതിരെ പ്രതിഷേധപരിപാടിയുമായി വിദ്യാര്‍ത്ഥിസംഘടന എംഎസ്എഫ്. 'ജനം ടിവി'ക്കെതിരെ 'ബ്ലാക്ക് ഫെസ്റ്റ്' നടത്തുമെന്നാണ് എംഎസ്എഫ് അറിയിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചാനല്‍ നടത്തിയ പരാമര്‍ശത്തിനെതിര നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സംഘടന അറിയിച്ചു.

വര്‍ക്കല സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ ഭീകരസംഘടനയായ അല്‍ ഖ്വയ്ദയുടെ കൊടി ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെന്നായിരുന്നു 'ജനം ടിവി' റിപ്പോര്‍ട്ട് ചെയ്തത്. സിനിമാതാരമായ സലിംകുമാര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ കറുത്ത വസ്ത്രം ധരിച്ചെത്തിയത്. ആഘോഷത്തിന്റെ ഭാഗമായി ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുത്തത്.

എന്നാല്‍ ഇത് ഇസ്ലാമിക് സ്റ്റേറ്റ്- അല്‍ ഖ്വയ്ദ ഭീകരര്‍ നടത്തിയ പരിപാടിയാണെന്ന് 'ജനം ടിവി' വാര്‍ത്ത നല്‍കുകയായിരുന്നു. തുടര്‍ന്ന് സലിംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണവുമായി രംഗത്തെത്തി. തന്റെ സിനിമയിലെ വേഷം വിദ്യാര്‍ത്ഥികള്‍ തീം ആയി സ്വീകരിക്കുകയായിരുന്നുവെന്നും തന്നോടും അവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും സലിംകുമാര്‍ പ്രതികരിച്ചു

വിദ്യാര്‍ത്ഥികളുടെ ആഘോഷപരിപാടിയെ കുറിച്ച് 'ജനം' വളച്ചൊടിച്ച് വാര്‍ത്ത നല്‍കുകയായിരുന്നുവെന്ന് കോളേജ് മാനേജ്‌മെന്റും അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രതിഷേധവുമായി എംഎസ്എഫും രംഗത്തെത്തിയിരിക്കുന്നത്.

 

click me!