
ചങ്ങനാശ്ശേരി: കൊലക്കേസ് പ്രതി പന്ത്രണ്ട് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി. പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയിയാണ് പിടിയിൽ. കോട്ടയം എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2006 ൽ തൃക്കൊടിത്താനം ആരമലക്കുന്ന് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു ലാലൻ എന്നയാളെ റോയി കുത്തിക്കൊന്നത്. അന്ന് നാടുവിട്ട ഇയാൾ 12 വർഷത്തിന് ശേഷമാണ് പൊലീസ് വലയിലാകുന്നത്.
കൊലപാതകത്തിനുശേഷം റോയി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു പായിപ്പാട് നാലുകോടിയിലുള്ള രണ്ടു സ്ത്രീകളുമായി നാടുവിടുകയായിരുന്നു. ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈൽ ഫോൺ നമ്പർ ശേഖരിച്ചു കോട്ടയം സൈബർസെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. 2006 ൽ അടിപിടിയെത്തുടർന്ന് ഒന്നാംപ്രതി നാലുകോടി കുടത്തേട്ട് ബിനുവും രണ്ടാംപ്രതി റോയിയും ചേർന്നു തൃക്കോടിത്താനം ആരമലക്കുന്ന് ഭാഗത്ത് താമസിക്കുന്ന പനംപറമ്പിൽ വീട്ടിൽ ലാലൻ എന്നയാളെ കുത്തിക്കൊലപ്പെടുത്തി.
തുടര്‍ന്ന് പൊലീസ് മറ്റ് പ്രതികളെ പിടികൂടിയെങ്കിലും ജാമ്യത്തിലിറങ്ങിയ റോയി ഒളിവിൽ പോയി. ബിനുവിനെ കോട്ടയം സെഷൻസ് കോടതി 10 വർഷത്തേക്കു തടവിനു ശിക്ഷിച്ചു. ബിനു, പോൾ മുത്തൂറ്റ് വധക്കേസിലെ മാപ്പുസാക്ഷിയാണ്.
മോഷണം, കഞ്ചാവ് കടത്ത്, അടിപിടി കേസുകളിൽ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് റോയി. ഒളിവിൽ പോയ റോയിയെപ്പറ്റി വർഷങ്ങളായി അന്വേഷണങ്ങൾ നടത്തിയിട്ടും യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിന്നീട് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam