മുത്തലാഖ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല, പ്രതിപക്ഷത്തിന്‍റെ സെലക്ട് കമ്മിറ്റി ആവശ്യം തള്ളി, സഭ മറ്റന്നാളേക്ക് പിരിഞ്ഞു

By Web TeamFirst Published Dec 31, 2018, 2:47 PM IST
Highlights

ലോക്സഭ പാസാക്കിയ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബിൽ ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ ശക്തമായ പ്രതിപക്ഷ ബഹളം നടന്നു.

ദില്ലി:  മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബിൽ  ചര്‍ച്ചയ്ക്കെടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു. കാവേരി വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു ബഹളം. ഇതോടെ ബിൽ  ചര്‍ച്ചയ്ക്കെടുക്കാനാവില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്  നാരായണ്‍ സിങ് അറിയിച്ചു. തുടര്‍ന്ന് സഭ ബുധനാഴ്ച വരെ പിരിഞ്ഞു. 

മുത്തലാഖ് ബിൽ  സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ ആവശ്യവും സർക്കാർ തള്ളി. ബിൽ  പാസാക്കാതിരിക്കാനാണ് സെലക്റ്റ് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും സർക്കാർ ആരോപിച്ചു. തുടര്‍ന്ന് സഭ 15 മിനിറ്റ് നിര്‍ത്തിവച്ചു. ഇതിന് ശേഷം വീണ്ടും സഭ ആരംഭിച്ചതോടെയാണ് സഭ മറ്റന്നാളേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷന്‍ അറിയിച്ചത്.

117 അംഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ ബില്ലിനെതിരെ വോട്ടു ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ലോക്സഭയില്‍ ചര്‍ച്ച ബഹിഷ്കരിച്ചെങ്കിലും രാജ്യസഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്യണമെന്നതാണ് ലീഗിന്‍റെ നിലപാടെന്ന് കുഞ്ഞാലിക്കുട്ടി സഭയിലെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു.

അതേസമയം രാജ്യസഭയുടെ പരിഗണനയില്‍ ബിൽ  നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തുടര്‍ന്ന് ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്നും സര്‍ക്കാര്‍ കരുതുന്നു. ചില പാര്‍ട്ടികളെ ഉപയോഗിച്ച് സഭയില്‍ ബഹളമുണ്ടാക്കി ചര്‍ച്ച മാറ്റിവയ്ക്കാനാണ് സര്‍ക്കാറിന്‍റെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സഭയിലെ ബഹളത്തിന്‍റെ ഉത്തരവാദിത്തം പ്രതിപക്ഷത്തിനില്ലെന്നും അണ്ണാ ഡിഎംകെയുടെ പ്രതിഷേധം സര്‍ക്കാര‍് സ്പോണ്‍സേര്‍ഡ് ആണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

click me!