ദമ്പതികള്‍ പൊള്ളലേറ്റുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു

By Web DeskFirst Published Apr 23, 2017, 7:46 AM IST
Highlights

ആലപ്പുഴ: നിക്ഷേപിച്ച പണം തിരിച്ചുകിട്ടാനായി അമ്പലപ്പുഴയിലെ ചിട്ടി നടത്തിപ്പുകാരന്റെ വീട്ടിലെത്തിയ ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. സ്വയം തീകൊളുത്തുകയായിരുന്നുവെന്ന മൊഴി ചിട്ടിക്കമ്പനിയുടമ ആവര്‍ത്തിക്കുമ്പോള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പ്രതിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ദമ്പതികളുടെ മൃതദേഹം ഇടുക്കിയിലേക്ക് കൊണ്ടുപോവും.

വൈകീട്ട് നാലുമണിയോടെയാണ് വേണുവും സുമയും ഇടുക്കിയില്‍ നിന്ന് കാറില്‍ അമ്പലപ്പുഴയിലെ ബി ആന്‍ഡ് ബി ചിട്ടിയുടമ സുരേഷ് ഭക്തവല്‍സലന്റെ വീട്ടിലെത്തുന്നത്. മൂന്ന് വര്‍ഷം മുമ്പ് പൊളിഞ്ഞുപോയ ചിട്ടിയില്‍ നിക്ഷേപിച്ച മൂന്നരലക്ഷം രൂപ ചോദിച്ച് ഇരുവരും വീട്ടില്‍ കുത്തിയിരുന്നു. തുടര്‍ന്ന് സുരേഷുമായി വാക് തര്‍ക്കമുണ്ടായി. രാത്രി എട്ടുമണിയോടെ വേണുവിനും സുമയ്ക്കും പൊള്ളലേല്‍ക്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് രാത്രിയോടെ തന്നെ ഇരുവരും മരണപ്പെടുകയുമായിരുന്നു. പെട്രോളൊഴിച്ച് തീകൊളുത്തി എന്നാണ് വേണുവിന്റെ മരണ മൊഴി. സ്വയംതീകൊളുത്തിയതാണെന്ന് കസ്റ്റഡിയിലുള്ള ചിട്ടിക്കമ്പനിയുടമ സുരേഷിന്റെ മൊഴി, പക്ഷേ എന്താണ് സംഭവിച്ചതൈന്ന കാര്യത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. വേണു ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍മാര്‍ പറഞ്ഞു.

ചിട്ടിക്കമ്പനിയുടമയെ ഡി വൈ എസ് പിയും സി ഐയും ചോദ്യം ചെയ്യുന്നുണ്ട്. പക്ഷേ ഇതുവരെ അവ്യക്തത നീക്കാന്‍ പോലീസിനായില്ല. പെട്രോള്‍ എവിടെ നിന്ന് കിട്ടി, മൂന്നര ലക്ഷം രൂപയ്ക്ക് വേണ്ടി സാമാന്യം മെച്ചപ്പെട്ട ജീവിതം നയിക്കുന്ന ദമ്പതികള്‍ സ്വയം ജീവനൊടുക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് ഇപ്പോഴും നിലനില്‍ക്കുകയാണ്. 2013 ല്‍ തകര്‍ന്നുപോയ ചിട്ടിയില്‍ 17 കേസുകളാണ് ചിട്ടികമ്പനിയുടമയ്‌ക്കെതിരെ നിലവിലുള്ളത്.

click me!